സ്ത്രീകൾക്ക് മാത്രം വരുന്ന മൂന്ന് കാൻസറുകൾ


3 min read
Read later
Print
Share

ലൈംഗികവേഴ്ച തുടങ്ങി അധികം താമസിയാതെ തന്നെ പരിശോധന തുടങ്ങുന്നതാണ് നല്ലത്.

കാൻസറിന് വകഭേദങ്ങൾ ഏറെയുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക അയവങ്ങളെയും കാൻസറിന് വിഴുങ്ങാൻ സാധിക്കും. ചില കാൻസറുകൾ സ്ത്രീകൾക്ക് മാത്രം ബാധിക്കുന്നവയാണ്. സ്ത്രീകളില്‍ കാൻസര്‍ സാധ്യത കൂടുതലുള്ള അവയവങ്ങൾ ഇവയാണ്.

1) ഗര്‍ഭാശയഗളം
കാന്‍സര്‍ പിടിപെടാന്‍ ഏറെ സാധ്യതയുള്ള ഭാഗമാണ് ഗര്‍ഭാശയഗളം. ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധന വളരെ ചെറുപ്പത്തിലേ തന്നെ തുടങ്ങണമെന്നാണ് വിദഗ്ധമതം. ലൈംഗികവേഴ്ച തുടങ്ങി അധികം താമസിയാതെ തന്നെ പരിശോധന തുടങ്ങുന്നതാണ് നല്ലത്. Pap Smear Test ആണ് ഇവിടെ നടത്തുന്നത്. മറ്റു സംശയങ്ങളില്ലെങ്കില്‍ ഓരോ വര്‍ഷവും നടത്താവുന്നതാണ്. മുപ്പത്തിയഞ്ചു വയസ്സിനു ശേഷം വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം.

2) ഗര്‍ഭാശയാന്തര ചര്‍മം
ആര്‍ത്തവവിരാമത്തോടെ സ്ത്രീകളില്‍ ഗര്‍ഭാശയാന്തര ചര്‍മത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പരിതസ്ഥിതിയില്‍ ഇത്തരം സ്ത്രീകളെ ബോധവതികളാക്കേണ്ടതുമുണ്ട്. യോനിയില്‍ പുള്ളികളോ, അടയാളങ്ങളോ, വടുക്കളോ കണ്ടെത്തുകയോ, രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍തന്നെ പരിശോധന നടത്തണം.

3)സ്തനം
പ്രായഭേദമെന്യേ, സ്തനകാന്‍സര്‍ സ്ത്രീകള്‍ക്കുണ്ടാകാമെന്നാണ് ഗവേഷകമതം. എന്നിരുന്നാലും നാല്‍പതുവയസ്സു കഴിഞ്ഞവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നതെന്നു പറയാം. എത്രയും നേരത്തേ ഇതു കണ്ടുപിടിക്കാന്‍ കഴിയുമോ അത്രയും സുഗമമായി ഇതിനുള്ള ചികിത്സ നടത്തി രോഗവിമുക്തി നേടാമെന്നുള്ളതാണ് പ്രധാനമായും മനസ്സിലാക്കിയിരിക്കേണ്ട കാര്യം. കാന്‍സര്‍ എന്തുകൊണ്ടുണ്ടാകുന്നു, ഇതു പൂര്‍ണമായും ഭേദപ്പെടുത്താമോ എന്നുള്ള കാര്യത്തില്‍ വൈദ്യശാസ്ത്രത്തിന് ഇന്നും ഖണ്ഡിതമായ അഭിപ്രായം പറയാന്‍ കഴിഞ്ഞിട്ടില്ല.

ഏതായാലും സ്തന കാന്‍സര്‍ ബാധ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ വളരെനേരത്തെ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനുമുമ്പായി ഡോക്ടറുമായി സ്തനകാന്‍സര്‍ സാധ്യതകളെപ്പറ്റി വിശദമായി സംസാരിക്കേണ്ടതാണ്. നേരത്തെ അണ്ഡാശയ കാന്‍സര്‍ തുടങ്ങിയ ഏതെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടോ, രോഗിയുടെ കുടുംബചരിത്രം (Personal history & family history) ജനിതക സാധ്യതകള്‍ ഇവ ചര്‍ച്ചയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. മറ്റു പ്രത്യേക സാഹചര്യങ്ങളോ വസ്തുതകളോ ഇതുമായി ബന്ധപ്പെട്ട ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെങ്കില്‍ അവയും ചര്‍ച്ച ചെയ്യപ്പെടണം. ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുമായിച്ചേര്‍ന്ന് ഒരു കര്‍മപരിപാടി (Action plan) ആവിഷ്‌ക്കരിക്കണം. ഇതില്‍ പരിശോധനകള്‍ ഏതെല്ലാം, എപ്പോഴെല്ലാം നടത്തണമെന്നതിനേപ്പറ്റി വ്യക്തമാക്കിയിരിക്കുകയും വേണം. അടിയന്തിര പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ താഴെപ്പറയന്ന പരിശോധനകള്‍ നടത്താവുന്നതാണ്.

സ്തനത്തിലെ സ്വയം പരിശോധന (Breast Self Examination)
സമഗ്രമായ ഒരു സ്തനപരിശോധന സ്വയം നടത്താൻ ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം. സാധാരണയായി ഒരു നിലക്കണ്ണാടിയുടെ മുമ്പില്‍ നിന്നോ, നിവര്‍ന്നു കിടന്നോ ഇതു നടത്തുന്നവിധം ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. സ്തനത്തിലെ ത്വക്കില്‍ നിറഭേദമോ, അടയാളങ്ങളോ, തടിപ്പോ, കല്ലിപ്പോ, മുഴയോ സ്തനത്തിലമര്‍ത്തുമ്പോള്‍ വേദനയോ, വിങ്ങലോ, മറ്റസ്വസ്ഥതകളോ, മുലക്കണ്ണില്‍ക്കൂടി സ്രവമോ മറ്റോ കാണുന്നുണ്ടോ, തുടങ്ങിയവയെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ട് വിവരം ഡോക്ടറെ അറിയിക്കണം. ഇരുപത്തഞ്ചുവയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവത്തിനുശേഷം പത്തുദിവസം കഴിഞ്ഞ് ഈ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്നുറപ്പുവരുത്തേണ്ടതാണ്. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ ഒരു നിശ്ചിത തീയതിയില്‍ ഇതു നടത്തേണ്ടതാണ്.

ആശുപത്രിയിലെ സ്തനപരിശോധന (Clinical Breast Examination- CBE)
സ്വയമുള്ള സ്തന പരിശോധന പ്രയോജനപ്രദമാണെങ്കിലും, ആശുപത്രിയില്‍ ഡോക്ടര്‍ നടത്തുന്ന വിശദമായ സ്തനപരിശോധന, എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാണെന്നും ശാസ്ത്രീയമായ വിലയിരുത്തലിന് ഏറെ സഹായകമായിരിക്കുമെന്നുള്ളതും തര്‍ക്കമറ്റ സംഗതിയാണ്. ഇരുപതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ളവരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇതു നടത്തണമെന്നാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. നാല്‍പ്പതു കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ ഇതു നടത്തുന്നതാണ് നല്ലത്. അന്‍പതു കഴിഞ്ഞവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഒരുവര്‍ഷത്തില്‍ കുറഞ്ഞ ഇടവേളകളിലും ഈ പരിശോധന നടത്തേണ്ടതാണ്. സ്വയം പരിശോധനയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും വിലയിരുത്താന്‍ ഡോക്ടര്‍ക്ക് കഴിയുമെന്ന് പറയേണ്ടതില്ലല്ലോ.

മാമോഗ്രാഫി (Mammography)
സ്തനകാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാമോഗ്രാഫി. തീക്ഷ്ണത കുറഞ്ഞ എക്‌സ്‌റേ പരിശോധനയാണിത്. വളരെ ലളിതവും മറ്റു ബുദ്ധിമുട്ടുകളും പാര്‍ശ്വഫലങ്ങളും ഉണ്ടാകാത്തതുമായ ഒരു സൂക്ഷ്മപരിശോധനയാണിതെന്നു പറയാം. സ്തനത്തിലെ വളരെ ചെറിയ ഒരു മുഴ പോലും ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആശുപത്രിയില്‍ വച്ചു നടത്തുന്ന ഈ പരിശോധന ഇരുപതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ളവരില്‍ സാധാരണഗതിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്താവുന്നതാണ്. നാല്‍പ്പതുകഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന നടത്തി കുഴപ്പങ്ങളൊന്നുമില്ലെന്നുറപ്പിക്കണം.

കടപ്പാട്: ഡോ. എം. കൃഷ്ണന്‍ നായര്‍ , ഡോ. പി.ജി. ബാലഗോപാല്‍

content highlights: Most Common Types Of Cancer In Women

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

വെരിക്കോസ് വെയിനിന് ഫലപ്രദമായ ചികിത്സയെന്ത്?

Nov 21, 2019


mathrubhumi

3 min

എന്തുകൊണ്ടാണ് വായ്പ്പുണ്ണ് വരുന്നത്?

Oct 3, 2019


mathrubhumi

2 min

കരുതിയിരിക്കണം കാലാ അസര്‍ എന്ന കരിമ്പനിയെ

Jun 6, 2018