64 വയസ്സ് എന്നത് അത്രവലിയ പ്രായമൊന്നുമല്ലെന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുക്കാറുള്ള ആര്യന് അതുകൊണ്ടുതന്നെ പ്രായത്തെക്കുറിച്ച് വലിയ ആകുലതകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, കുറച്ചു നാളായി കൂടെയുള്ള മുട്ടുവേദന അദ്ദേഹത്തെ ഇരുത്തിക്കളഞ്ഞു. മാരത്തണ്‍ ഓടാനായില്ലെങ്കിലും കുഴപ്പമില്ല, നടക്കാന്‍തന്നെ വിഷമമായാലോ...? രോഗം തന്നെ വീഴ്ത്തിക്കളഞ്ഞല്ലോ എന്ന് അദ്ദേഹം പരിതപിച്ചു.
കുറച്ചുകാലമായി മുട്ടില്‍നിന്ന് ചില സൂചനകളൊക്കെ കിട്ടുന്നുണ്ടായിരുന്നു. പക്ഷേ, അത് അവഗണിക്കുകയായിരുന്നു. വേദന വകവയ്ക്കാതെ മാരത്തണ്‍ പരിശീലനം.അങ്ങനെയാണ് ആര്യന്‍ ഇരുന്നുപോയത്. ശാരീരിക പരിശോധനയില്‍ത്തന്നെ വ്യക്തമായി... മുട്ടിലെ തേയ്മാനം ചെറുതല്ല... വേദന തീവ്രമായതിനു കാരണം മറ്റൊന്നുമല്ല. എക്‌സ്‌റേയിലൂടെ ഉറപ്പിച്ചു.വലതു കാല്‍മുട്ടിലെ തരുണാസ്ഥിക്ക് സാരമായ തകരാറുണ്ട്. മുട്ടിനു ചുറ്റും 'ബോണ്‍സ്പര്‍' രൂപംകൊണ്ടിരുന്നു.
അസ്ഥിരോഗ വിദഗ്ധരെ തേടി ആശുപത്രികളിലെത്തുന്ന രോഗികളില്‍ പകുതിയോളം പേര്‍ക്കും പ്രശ്‌നം 'സന്ധിവേദന'യാണ്. ഇവരില്‍ ഏറെപ്പേരും പ്രായാധിക്യം വന്ന്, സന്ധികള്‍ക്ക് തേയ്മാനം മൂലം വേദന അനുഭവിക്കുന്നവരമായിരിക്കും. വാതവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കൊണ്ടോ അപകടങ്ങള്‍ മൂലമോ വീഴ്ചകള്‍ കൊണ്ടോ സന്ധികള്‍ക്ക് തകരാറുണ്ടാവാം. ഇവ പിന്നീട് സന്ധിവേദനയിലേക്കു നയിക്കുന്നത് സാധാരണയാണ്.
സന്ധിവേദനകളുടെ കൂട്ടത്തില്‍ നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത് പ്രധാനമായും 'മുട്ടുവേദന' തന്നെ. തേയ്മാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്, കൂടുതല്‍ ചലിക്കുകയും ശരീരഭാരം താങ്ങുകയും ചെയ്യുന്ന കാല്‍മുട്ടുകളെയാവുന്നത് സ്വാഭാവികം മാത്രം.
സന്ധിവേദനയുടെ കൃത്യമായ കാരണങ്ങള്‍ കണ്ടുപിടിക്കുക ഏറെ പ്രധാനമാണ്. പ്രായം കൊണ്ടുള്ള തേയ്മാനം, വാത പ്രശ്‌നങ്ങള്‍, പഴുപ്പ് അഥവാ അണുബാധ, മുമ്പ് എന്തെങ്കിലും ഒടിവോ ചതവോ സംഭവിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍... എന്നിങ്ങനെ കാരണങ്ങള്‍ പലതാവാം. കൃത്യമായ കാരണം കണ്ടെത്തുന്നത് ചികിത്സയുടെ കാര്യത്തില്‍ ഏറെ പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിര്‍ണയിക്കേണ്ടത്.
പ്രശ്‌നങ്ങള്‍ തുടങ്ങുന്നതേ ഉള്ളൂവെങ്കില്‍ വളരെ ഫലപ്രദമായ മരുന്നുകള്‍ ഇന്ന് കിട്ടാനുണ്ട്. തേയ്മാനം വന്നുതുടങ്ങിയ സന്ധിക്ക് ചുറ്റുമുള്ള പേശികളുടെ ബലം വര്‍ധിപ്പിക്കാനുള്ള പ്രത്യേക വ്യായാമങ്ങളും ചികിത്സയുടെ ഭാഗമാണിന്ന്. അമിതവണ്ണമുള്ളവരില്‍ സന്ധികളില്‍ തേയ്മാനം കൂടാറുണ്ട്. ഭാരം ക്രമീകരിക്കുക, കൃത്യമായ വ്യായാമം ചെയ്യുക, തേയ്മാനം കുറയ്ക്കാന്‍ ശരിയായ മരുന്നുകള്‍ കഴിക്കുക എന്നിവയാണ് ആദ്യഘട്ടത്തിലെ ചികിത്സകള്‍. എന്നാല്‍, തേയ്മാനം ഒരു പരിധി കഴിഞ്ഞാല്‍ ഇതൊന്നും മതിയാവില്ല.
പലയാളുകളും മുട്ടുവേദന പോലുള്ള പ്രശ്‌നങ്ങളെ തുടക്കത്തില്‍ അവഗണിച്ചുകളയും. രോഗം വേഗം കലശലാകും. സന്ധികള്‍ക്ക് വളവും മറ്റും വരികയും ചെയ്യും. വേദന അസ്സഹനീയമായിക്കഴിയുമ്പോള്‍ മാത്രമേ പലരും ശരിയായ വൈദ്യസഹായം തേടിപ്പോകാറുള്ളൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'മുട്ടു മാറ്റിവയ്ക്കല്‍' തന്നെയാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. 'സമ്പൂര്‍ണ മുട്ടുമാറ്റിവയ്ക്കല്‍' (Totan Knee Replacement-TKR) എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ഇന്ന് വളരെ വ്യാപകമായിട്ടുണ്ട്.
മൂന്നുനാല് ദശാബ്ദമെങ്കിലുമായി ഈ ശസ്ത്രക്രിയ പ്രചാരത്തില്‍ വന്നിട്ട്. എന്നാല്‍, ഇക്കഴിഞ്ഞ എട്ടു പത്തു വര്‍ഷത്തിനിടെ ഈ ശസ്ത്രക്രിയാ രംഗത്തുണ്ടായ മുന്നേറ്റങ്ങള്‍ വളരെ വലുതാണ്.കാല്‍മുട്ട്, ഇടുപ്പെല്ല് എന്നീ സന്ധികളാണ് ഈ ശസ്ത്രക്രിയയിലൂടെ പ്രധാനമായും മാറ്റിവയ്ക്കാറുള്ളത്. അതിനപ്പുറം, കൈകളിലേയും കാലുകളിലേയും ഏതു സന്ധിയും മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ ഇന്നു നിലവിലുണ്ട്.
നമ്മുടെ ശരീരത്തെ താങ്ങി ഉയര്‍ത്തി നിര്‍ത്തുകയും അനായാസം ചലിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ധിയാണ് കാല്‍മുട്ട്. പ്രധാനമായും നാല് അസ്ഥികള്‍ ചേര്‍ന്നതാണ് മുട്ട്. തുടയെല്ല്, കാലുകളിലെ ചെറിയ എല്ല്, വലിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയെ രൂപപ്പെടുത്തുന്നത്. മുട്ടുചിരട്ടയെ ചലിപ്പിക്കാനും സന്ധികളെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നത് ചുറ്റുമുള്ള സ്‌നായുക്കളാണ്. ഒരു വശത്തേക്കു മാത്രം തുറക്കുന്ന വിജാഗിരി പോലുള്ള സന്ധിയാണ് കാല്‍മുട്ട്.
കാല്‍മുട്ടിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെയാണ് 'മുട്ടുതേയ്മാനം' എന്ന് പൊതുവേ പറയുന്നത്. എല്ലുകളുടെ അഗ്രഭാഗത്തുള്ള കുഷ്യന്‍ അല്ലെങ്കില്‍, വാഷര്‍ പോലുള്ള മൃദുവായ അസ്ഥിഭാഗത്തെയാണ് 'തരുണാസ്ഥി' എന്ന് പറയുന്നത്. തരുണാസ്ഥികള്‍ തേഞ്ഞ്, രൂപഭേദം വരുന്നതോടെ അതിനു താഴെയുള്ള എല്ല് തെളിയുകയും സന്ധിയില്‍ എല്ലുകള്‍ തമ്മില്‍ നേരിട്ട് കൂട്ടിയുരസാന്‍ തുടങ്ങുകയും ചെയ്യും. അതികഠിനമായ വേദനയും നീര്‍ക്കെട്ടുമാണ് ഇതിന്റെ ഫലം.
മുട്ടുസന്ധിയിലെ തേയ്മാനം സംഭവിച്ച തരുണാസ്ഥി മാറ്റി, അവിടെ പ്രത്യേകതരം ലോഹവും പ്ലാസ്റ്റിക്കും ചേര്‍ത്തുണ്ടാക്കിയ ഒരു സന്ധി പിടിപ്പിക്കുന്നതിനെയാണ് 'മുട്ടുമാറ്റിവയ്ക്കല്‍' എന്ന് പറയുന്നത്. ഈ സന്ധി, തേയ്മാനം സംഭവിച്ച തരുണാസ്ഥിക്കു പകരമായി പ്രവര്‍ത്തിക്കുന്നു. സങ്കീര്‍ണവും ഗൗരവമേറിയതുമാണ് ഈ ശസ്ത്രക്രിയയെങ്കിലും ആധുനിക ചികിത്സാ സൗകര്യങ്ങളും പ്രത്യേക പരിശീലനം നേടിയ മികച്ച ശസ്ത്രക്രിയാ വിദഗ്ദ്ധരുമുള്ളിടത്ത് ഒരു സാധാരണ ചികിത്സാ രീതിയായി വളരെ വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട് മുട്ടുമാറ്റിവയ്ക്കല്‍. ശസ്ത്രക്രിയ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസംതന്നെ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയുംവിധം മികവുറ്റ രീതികള്‍ ഇന്ന് നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു.
ശസ്ത്രക്രിയയെക്കെറിച്ചുള്ള ആധിയുടെയും ആകുലതകളുടെയും പേരില്‍ വലിയൊരു വിഭാഗം പേര്‍ ഇന്നും ഇത്തരം ചികിത്സാ രീതികളില്‍ നിന്ന് പേടിച്ച് അകന്നുനില്‍ക്കുന്നുെണ്ടന്നതാണ് വസ്തുത. മികച്ച ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് സംശയങ്ങളെല്ലാം തീര്‍ത്ത് സൗകര്യങ്ങളും സാധ്യതകളും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ നിസ്സാരമായ ഇത്തരം സന്ദേഹങ്ങള്‍.
തുടക്കത്തില്‍ പറഞ്ഞ ആര്യന്‍ എന്ന 64 വയസ്സുകാരനും ആശുപത്രിയില്‍ പോകാന്‍ ഒന്നു മടിച്ചത് ഓപ്പറേഷന്‍ വേണ്ടിവരുമോ എന്നു പേടിച്ചിട്ടായിരുന്നു. അദ്ദേഹത്തിനാകട്ടെ, മുട്ടുമാറ്റിവയ്ക്കലല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നുമില്ല. ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴാകട്ടെ, ഇതിനു മടിച്ചിട്ട് എത്രയോ മാസക്കാലം താന്‍ വേദനതിന്ന് നടന്നല്ലോ എന്ന ജാള്യമായിരുന്നു അദ്ദേഹത്തിന്.മുട്ടുമാറ്റിവച്ചതിനു ശേഷം മാരത്തോണ്‍ ഓടാനൊന്നും എളുപ്പമല്ല. എന്നാല്‍, സാധാരണയാളുകള്‍ നടക്കുന്നതുപോലെ നടക്കാനും പടികയറാനും യാത്രചെയ്യാനുമൊക്കെ സാധിക്കും. ആദ്യത്തെ ഏതാനും മാസം ചില പ്രത്യേക വ്യായാമങ്ങളും ചിട്ടകളും പാലിക്കണം. ഈ വ്യായാമങ്ങള്‍ കാലുകളിലെ പേശികളുടെ ബലം വര്‍ധിപ്പിക്കും.
സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുട്ടുവേദന പൂര്‍ണമായും മാറ്റും. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ വിജയകരമാണ്.കാല്‍മുട്ടു വേദന സഹിച്ചിരിക്കാനുള്ളതല്ല. തുടക്കത്തില്‍ത്തന്നെ ശരിയായ ചികിത്സ തേടി എളുപ്പം പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിത്. ഗൗരവമായിക്കഴിഞ്ഞാലാകട്ടെ, മുട്ടുമാറ്റിവയ്ക്കല്‍ തികച്ചും ഫലപ്രദവും എളുപ്പം ചെയ്യാവുന്നതുമായ മികച്ച ചികിത്സയുമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജോണ്‍ ടി. ജോണ്‍, ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം