ജീവിതയാത്രയുടെ പരക്കംപാച്ചിലിനിടയിൽ നമ്മൾ മറക്കുന്ന ഒന്നാണ് ആരോഗ്യം. ജിവിത വിജയത്തിന് ബുദ്ധിശക്തിയും ഓർമശക്തിയും അത്യാവശ്യമായതുപോലെ തന്നെ ആരോഗ്യവും അത്യാവശ്യഘടകമാണ്. അതിൽ പ്രധാനമായ ഒന്നാണ് ചലനശേഷി. മധ്യവയസ്സിൽ എത്തുന്നതോടെ വളരെ വ്യാപകമായി കണ്ടു വരുന്ന ഒരു രോഗമാണ് മുട്ടുവേദന. ഇതിന്റെ പ്രധാന ലക്ഷണം കാൽമുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. മുട്ട് മടക്കാനും നിവർത്താനും വിഷമം, കുറച്ചു നേരം ഇരുന്ന ശേഷം എഴുന്നേല്ക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവ സാധാരണയാണ്. രാവിലെ എഴുന്നേല്ക്കുമ്പോൾ മുട്ടിന് വേദന തോന്നുകയും പിന്നീട് വേദന കുറയുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
പ്രായം കൊണ്ട് വരുന്ന തേയ്മാനം തന്നെയാണ് ഇതിനു പ്രധാന കാരണം. എന്നാൽ, സന്ധികൾക്ക് സംഭവിക്കുന്ന ഒടിവുകളും ചതവുകളും അണുബാധ, ചില ജനനവൈകല്യങ്ങൾ, വളർച്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയും ഇതിനു കാരണമാകാം. ഇതിനൊക്കെ പുറമേ അമിതമായ ശരീരഭാരം, വ്യായാമമില്ലായ്മ എന്നിവ വളരെ വേഗം നമ്മെ സന്ധി തേയ്മാനത്തിലേക്കെത്തിക്കും. ഇതിനൊക്കെ പുറമേ ആധുനിക ജീവിതത്തിൽ നാം നേരിടുന്ന പിരിമുറുക്കങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും സന്ധികളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ്.
നിരന്തരമായ ചലനം മൂലം സന്ധികളിൽ തേയ്മാനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് റുമാറ്റോയ്ത് ആർത്രൈറ്റിസ് (സന്ധിവാതം). ഇത് ചലനശേഷിയെയാണ് പ്രധാനമായി ബാധിക്കുന്നത്. തുടക്കത്തിൽ ക്യത്യമായ ചികിത്സ ചെയ്താൽ വളരെ എളുപ്പം മാറ്റാവുന്ന രോഗവുമാണ്. തുടക്കത്തിൽ പ്രധാനമായും കാൽമുട്ടുകളെ ബാധിക്കുന്ന ഈ രോഗം ക്രമേണ മറ്റു സന്ധികളെയും ബാധിച്ചു തുടങ്ങും. ശരിയായ ചികിത്സ യഥാസമയം നൽകിയില്ലെങ്കിൽ സന്ധികൾക്കിടയിലുള്ള തരുണാസ്ഥികളെ ബാധിക്കുകയും അവയുടെ കട്ടി കുറഞ്ഞു വരികയും ക്രമേണ ഇവ പൂർണമായി നശിച്ച് അസ്ഥികൾ ദ്രവിച്ചുതുടങ്ങുകയും ചെയ്യും. ഈ അവസ്ഥയിൽ എത്തിയാൽ പിന്നെ മരുന്നുകൾ ഫലവത്താകില്ല. ഇതിന്റെ പ്രധാന ലക്ഷണം കാൽമുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. കൂടാതെ സന്ധികളിലെ നീര് വേദന, സന്ധികൾക്കുള്ളിൽ അനുഭവപ്പെടുന്ന ചൂട്, വഴക്കമില്ലായ്മ, പുറമേ കാണുന്ന നിറമാറ്റവും വിരലുകൾ മടക്കാൻ കഴിയാത്തതും കൈ മുട്ടുകളിൽ കാണുന്ന മുഴയും ഈ രോഗലക്ഷണങ്ങളുടെ തുടക്കത്തെ സൂചിപ്പിക്കുന്നു.
മുട്ടിന് വേദനയോ വീക്കമോ തോന്നിയാൽ സന്ധി ചലിപ്പിക്കാതെ കുറച്ചു ദിവസത്തോളം വിശ്രമമെടുക്കുക. സന്ധികൾക്ക് ആയാസമില്ലാത്ത വിധത്തിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ടുമാത്രം ജോലി ചെയ്യുക. മധ്യവയസ്സിലെത്തുമ്പോഴേക്ക് ശരീര ഭാരം കൃത്യമായി ചിട്ടപ്പെടുത്തണം. ഡോക്ടറുടെ നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ ശീലിക്കണം. വേദനയ്ക്കുള്ള ഓയിന്റ്‌മെന്റു തേച്ച് മൃദുവായി ഉഴിയുമ്പോൾ സന്ധികളിലേക്കുള്ള രക്തപ്രവാഹം വർധിക്കുകയും വേദനയ്ക്ക് കാര്യമായ ശമനമുണ്ടാവുകയും ചെയ്യും. വേദനയുള്ള ഭാഗത്ത് തുടക്കത്തിൽ ചൂടുവെക്കുന്നതും കാലിലെ പേശികൾ ബലപ്പെടുത്താനുള്ള ഫിസിയോ തെറാപ്പി ചെയ്യുന്നതും നല്ലതായിരിക്കും.
തരുണാസ്ഥികൾക്കുണ്ടാകുന്ന കേടുപാട് തടയുന്നതിനും അസുഖം മൂലം നശിച്ചുപോയ തരുണാസ്ഥികളെ ഒരളവോളം വളർത്തിയെടുക്കുന്നതിനും സഹായിക്കുന്ന ഒട്ടേറെ പുതിയ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മേൽപ്പറഞ്ഞ ചികിത്സകൊണ്ടു വേദനയ്ക്ക് മാറം ഉണ്ടായില്ലെങ്കിൽ മാത്രമേ ശസ്ത്രക്രിയയിലേക്കു കടക്കേണ്ടതുള്ളൂ. പ്രധാനമായും താക്കോൽദ്വാര ശസ്ത്രക്രിയയും അലൈന്മെന്റ് ശരിയാക്കുന്ന ശസ്ത്രക്രിയയും(HTO) ആണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയയിലൂടെ മുട്ടിന്റെ ഉള്ളിൽ തേയ്മാനം സംഭവിച്ച ഭാഗം ക്ലിയർ ചെയ്യും. മുട്ടിന്റെ ഉള്ളിലെ മൂന്നു ഭാഗങ്ങൾക്കുംകേടുപാടുകൾ സംഭവിച്ചാൽ മാത്രമേ ഡോക്ടറുടെ നിർദേശ പ്രകാരം അവസാനഘട്ടമായി മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.
(ലേഖകൻ: ഓർത്തോപീഡിയാക് സർജൻ, മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം)