മാരകരോഗങ്ങളില്‍ ഒന്നായി ഇന്ന് കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം.
പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്' കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്.
കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം, ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു.
ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatula ഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്.
രക്തത്തിലെ കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധാരണ രക്തപരിശോധനയിൽ കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു.
പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കും. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI) മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു.
മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍ നടപടി കൈക്കൊള്ളേണ്ടതാണ്.
നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ പാപ്പ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്, സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.
കടപ്പാട്: ഡോ. എം. കൃഷ്ണന്‍ നായര്‍ , ഡോ. പി.ജി. ബാലഗോപാല്‍