Home>Diseases>Aids
FONT SIZE:AA

ലോക എയ്ഡ്‌സ് ദിനം

ലോകം ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച എയ്ഡ്‌സ് എന്ന മഹാമാരിക്കെതിരെ അണിനിരക്കും. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 26-ാം വാര്‍ഷികത്തില്‍ എച്ച്.ഐ.വി. വൈറസുമായി ജീവിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് തോളോടുതോള്‍ ചേരും.

ലോകത്ത് നാല് കോടിയോളം പേര്‍ എച്ച്.ഐ.വി. വൈറസ് ബാധയുമായി ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പുറത്തുവിടുന്ന പുതിയ കണക്ക്. എയ്ഡ്‌സ് മൂലം ഇതുവരെ മരണമടഞ്ഞവരും ഏതാണ്ടിത്രതന്നെ വരും.

ദിനാചരണത്തിന്റെ മുന്നോടിയായി എയ്ഡ്‌സ് ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടതിന്റെ ആവശ്യം യൂനിസെഫ് ചൂണ്ടിക്കാട്ടിയിരുന്നു. 15 വയസ്സിനു താഴെയുള്ള ഒരു കോടിയിലധികം കുട്ടികളെ എയ്ഡ്‌സ് ബാധിക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40ശതമാനത്തോളം കുറവ് വരുത്താനും യൂണിസെഫിന് കഴിഞ്ഞിട്ടുണ്ട്.

ലോകത്ത് നീറിപ്പടര്‍ന്ന എയ്ഡ്‌സിനെതിരെ ചെറുത്തുനില്‍പ്പിന് വേണ്ടിയാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ 1988 മുതല്‍ വര്‍ഷംതോറും എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 'കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടിയെടുക്കുക - എയ്ഡ്‌സില്ലാത്ത തലമുറയ്ക്കായി' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനത്തിന്റെ ആശയം.

എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണലക്ഷ്യങ്ങള്‍.

എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. പൂജ്യത്തിലേക്ക് എന്നതാണ് 2011 മുതല്‍ 2015 വരെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്.
എയ്ഡ്‌സ് മരണങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

1996-ല്‍ ആരംഭിച്ച യു.എന്‍ എയ്ഡ്‌സ് ആണ് ലോക എയ്ഡ്‌സ് ദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള എയ്ഡ്‌സ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
Loading