Home>Diseases>Aids
FONT SIZE:AA

എയിഡ്‌സ് ബോധവല്‍ക്കരണം കേരളത്തില്‍

ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ എയിഡ്‌സ് നിയന്ത്രണ പരിപാടികള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ എയിഡ്‌സ് നിയന്ത്രണ സമിതിയുടേതുള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ നല്ല രീതിയില്‍ നടത്താന്‍ കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ എയിഡ്‌സ് ഭീതി തെല്ലൊന്നു കുറഞ്ഞിട്ടുള്ളതും അതു കൊണ്ടു തന്നെ. അണുബാധയുണ്ടാവാതെ ശ്രദ്ധിക്കാന്‍ ആളുകളെ ബോധവല്‍ക്കരിക്കുന്നതിനും അണുബാധയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തുന്നുണ്ട്.

കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ചില പ്രധാന സേവന മേഖലകള്‍ ഇവയാണ്


സ്‌നേഹ: അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്‌ഐവി അണുബാധ പകര്‍ന്നെത്താതെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്‌നേഹയില്‍ നടക്കുന്നത്. എ്ല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ചില താലൂക്ക് ആശുപത്രികളിലും സ്‌നേഹ കേന്ദ്രങ്ങളുണ്ട്.

ജ്യോതിസ്: എയിഡ്‌സ് ഭീതിയില്‍ നിന്ന് ആശ്വാസമേകുന്നതിനും ഏറ്റവും നല്ല പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കൗണ്‍സലിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തെങ്ങുമുള്ള ജ്യോതിസ് കേന്ദ്രങ്ങള്‍.

പ്രത്യാശ: അണുബാധയുള്ളവര്‍ക്ക് പ്രത്യാശ പകരുന്ന കേന്ദ്രങ്ങളാണിവ. എല്ലാ ജില്ലകളിലും പ്രത്യാശ സെന്‍ററുകളുണ്ട്.

പുലരി: ലൈംഗികരോഗങ്ങള്‍ക്കുള്ള ക്ലിനിക്കുകളാണ് പുലരി. ജില്ലാ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുമായി കേരളത്തില്‍ ഇപ്പോള്‍ 18 പുലരി ക്ലിനിക്കുകളുണ്ട്.

ഉഷസ്: രോഗബാധയുള്ളവര്‍ക്ക് ലഭ്യമായ മികച്ച ചികില്‍സ നല്‍കുന്നതിനുള്ള കേന്ദ്രമാണ് ഉഷസ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉഷസ് കേന്ദ്രങ്ങളുണ്ട്.

സുരക്ഷ: എയിഡ്‌സും മറ്റ് ലൈംഗികരോഗങ്ങളും കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക്് സുരക്ഷയും അവബോധവും പകരുന്നതിനുള്ള പദ്ധതിയാണ് സുരക്ഷ.
Tags- Aids
Loading