കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, ആത്മഹത്യകള്‍ എങ്ങനെ തടയാം


ഡോ. ഹരിഎസ്. ചന്ദ്രന്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്)

3 min read
Read later
Print
Share

ഒരിക്കല്‍ ശ്രമിച്ച് പരാജയമടഞ്ഞയാള്‍ക്ക് മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ അമാന്തിക്കരുത്

Representative Images| Gettyimages.in

പ്രകൃതിക്ഷോഭം, യുദ്ധങ്ങൾ തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങൾ മനുഷ്യന്റെ മാനസിക ആരോഗ്യത്തെ വളരെ ദോഷമായി ബാധിക്കാറുണ്ട്. അതുപോലെ ഒന്നാണ് കോവിഡ് ബാധയും. ഇത് കൂടുതൽ ബാധിച്ചത് ചെറുപ്പക്കാരെയാണ് എന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എപ്പോൾ അവസാനിക്കും എന്ന് ആർക്കും പറയാൻ പറ്റാത്ത ഒരവസ്ഥ സംജാതമാകുന്ന മാനസിക സംഘർഷത്തിലൂടെ കടന്നുപോവുകയാണ ്ലോകത്തിലെ എല്ലാരാജ്യങ്ങളും, അവിടുത്തെപൗരന്മാരും. കോവിഡ് കാലഘട്ടം പ്രായഭേദമെന്യേ വ്യക്തികളെ നിസ്സഹായതാ ബോധത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്നു.

വർധിച്ചു വരുന്ന മനസികാരോഗ്യപ്രശ്നങ്ങളിൽ പ്രഥമമായ പരിഗണന അർഹിക്കുന്ന ഒന്നാണ് ആത്മഹത്യാപ്രവണത. കാര്യകാരണങ്ങൾ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂർവ്വം വിട്ടു തന്നുകൊണ്ട് ദിനംപ്രതി അനേകംപേർ ജീവനൊടുക്കുന്നു, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നു.

ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകർച്ചയും,സാമ്പത്തിക പ്രതിസന്ധിയുമൊക്കെ കൂട്ട ആത്മഹത്യകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മാനസികാരോഗ്യം തകർന്ന രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യപ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യകൾ.

വിഷാദവും വൈകാരിക സംഘർഷവുമാണ് ഭൂരിഭാഗം ആത്മഹത്യകൾക്കു നിദാനമെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ അനുകൂല സാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകൾ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തർമുഖർ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതി വീഴാൻ സാദ്ധ്യത ഏറെയുള്ളവരാണ്.

സാമ്പത്തികപ്രശ്നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘർഷത്തിൽ അമർന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തിവിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധിതരണം ചെയ്യാൻ ഒരുവഴിയുമില്ലെന്ന് അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. ഈ വ്യക്തിയുടെ ഉൾവലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതൽ കലുഷിതമാക്കുകയും, അവരോരുത്തരും ഒറ്റക്കും കൂട്ടായും പലപോംവഴികൾ ആലോചിക്കുകയും ചെയ്യുന്നു. ഈയവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാൾ ചിന്തിക്കുകയും, നടപ്പിൽ വരുത്തുവാനുള്ള ഉറച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. കൂട്ടത്തിൽ ശക്തനായ ഒരാൾ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ടആത്മഹത്യകളിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങൾ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്നങ്ങൾ സ്വയംപരിഹരിക്കാൻ ശ്രമിക്കുകയും, പരാജയപ്പെടുന്ന പക്ഷം സുല്ലിട്ട് ജീവിതത്തിൽ നിന്നുതന്നെ പിൻമാറുകയും ചെയ്യുന്നു.

അടുത്തയിടെ നടന്ന ഗവേഷണങ്ങൾ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.ഇന്ത്യയിൽ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും. ജീവനൊടുക്കുന്നവരിൽ പകുതിയിലേറെപ്പേർ മുമ്പൊരിക്കൽ ഇതിനുശ്രമിച്ച് പരാജയമടഞ്ഞവരാണ്. വിവാഹമോചനം നേടിയവരുടെ ഇടയിൽ ആത്മഹത്യാനിരക്ക് സാധാരണക്കാരേക്കാൾ രണ്ടുമടങ്ങ് കൂടുതലാണ്. തൂങ്ങിമരിക്കുകയും റെയിൽപ്പാളത്തിൽ തലവയ്ക്കുകയും ചെയ്യുന്നത് ഏറെയും പുരുഷൻമാരാണ്. സ്ത്രീകൾ ഉറക്കഗുളികകളും, വിഷവും തേടിപ്പോകുന്നു. ആഗോള ആത്മഹത്യനിരക്കിനെ അപേക്ഷിച്ച് ഭാരതത്തിലെ ആത്മഹത്യാനിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നു

ആത്മഹത്യയെപ്പറ്റി അനേകം തെറ്റിദ്ധാരണകൾ പ്രചാരത്തിലുണ്ട്. പറഞ്ഞു നടക്കുന്നവർ പ്രവർത്തിക്കുകയില്ല എന്ന ധാരണ ശരിയല്ല. സ്വയം ജീവനൊടുക്കിയവരിൽ ഏറെപ്പേരും; മുൻപ് ചില സൂചനകൾ തന്നിരുന്നു എന്നു കാണാം. ഒരിക്കൽ ശ്രമിച്ച് പരാജയടഞ്ഞവർ ഇനിയൊരിക്കലും ആത്മഹത്യക്ക് മുതിരുകയില്ല എന്ന വിശ്വാസവും അബദ്ധമാണ്. ആത്മഹത്യ ചെയ്യുന്നവരെല്ലാം തൊട്ടുമുൻപുളള ദിവസങ്ങളിൽ വിഷാദ-മൂകൻമാരായിക്കൊള്ളണം എന്നുമില്ല. മരിക്കാനുള്ള ഉറച്ചതീരുമാനം എടുത്ത ശേഷം വ്യക്തികൾ തികച്ചും ശാന്തരും ഉൻമേഷവദനരുമായിക്കാണപ്പെടുന്നു. അതുപോലെ തന്നെ, കടുത്തവിഷാദത്തിലോ പ്രതിസന്ധിയിലോ അല്ല, മറിച്ച് അതിൽനിന്നും മോചനം നേടിവരുന്ന ഘട്ടത്തിലാണ് ആളുകൾ ജീവനൊടുക്കുക.

വിഷാദം ബാധിച്ച ഒരാൾ പെട്ടെന്ന് അതിൽനിന്നും മോചനം നേടുന്നതായിക്കണ്ടാൽ അയാൾ എന്തോ തീരുമാനിച്ചുറച്ചു എന്ന് മനസ്സിലാക്കണം. വില പിടിച്ചവസ്തുക്കൾ മറ്റൊരാൾക്കു സമ്മാനിക്കുക, പിണങ്ങിയിരുന്നവരോട് പരിഭവം മറന്ന് ഇണങ്ങുക, മാപ്പുപറയുക, കടങ്ങൾ വീട്ടുക തുടങ്ങിയവയും നല്ല ലക്ഷണങ്ങളല്ല. ആത്മഹത്യാശ്രമം നിസ്സാരമായിത്തള്ളിക്കളയുകയോ, പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യരുത്. ഉപദേശിക്കാൻ ശ്രമിക്കുന്നതും ചിലപ്പോൾ വിപരീതഫലം ചെയ്തേക്കാം. അവരെ തനിച്ചിരിക്കാൻ അനുവദിക്കരുത്. കൂടുതൽ സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും പ്രേരിപ്പിക്കുകയാണ് വേണ്ടത്.

ആത്മഹത്യ ചെയ്ത വ്യക്തിയെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അപഗ്രഥനം നടത്തേണ്ടതുണ്ട്. മനശാസ്ത്രപരമായപോസ്റ്റ്മോർട്ടം (സൈക്കോളജിക്കൽ ഓട്ടോപ്സി) എന്ന പ്രത്യേകമാർഗ്ഗത്തിലൂടെ, ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയും. സമൂഹത്തിൽ തുടർന്ന് നടത്തേണ്ട പ്രതിരോധശ്രമങ്ങൾക്ക് ഇത് ഏറെസഹായകരമാണ്..

ഒരിക്കൽ ശ്രമിച്ച് പരാജയമടഞ്ഞയാൾക്ക് മനോരോഗ ചികിത്സ ലഭ്യമാക്കാൻ അമാന്തിക്കരുത്. മനശാസ്ത്രജ്ഞൻ നടത്തുന്ന കൊഗ്നിറ്റീവ് തെറാപ്പി ഫലപ്രദമാണ്. മരുന്നും വൈദ്യുതിയും ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരുന്ന സന്ദർഭങ്ങളുമുണ്ട്.

അവിദഗ്ധമായ ഉപദേശങ്ങളും, ചികിത്സകളും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു. ആത്മഹത്യ നടന്നുകഴിഞ്ഞ കുടുംബത്തിലെ മറ്റംഗങ്ങൾ മനശാസ്ത്ര ചികിത്സ തേടേണ്ടതുണ്ട്. മരണത്തോടെ ഒരാളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എങ്കിലും, അയാളെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളും മാനസികാവസ്ഥയും കുടുംബത്തിൽ നിലനിൽക്കുന്നതിനാൽ ഫാമിലി തെറാപ്പി ആവശ്യമായിത്തീരുന്നു.

Content Highlights:depression and mental health issuews during covid pandemic

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാത്രി വൈകിയാണോ ഉറക്കം? ആഹാരം കഴിക്കാന്‍ വൈകാറുണ്ടോ? കരുതിയിരിക്കുക

Dec 3, 2018


mathrubhumi

4 min

ഇത് പ്രകാശം പരത്തുന്ന ജീവിതം

Aug 30, 2017


mathrubhumi

6 min

പ്രമേഹത്തെ ചെറുക്കാം; ജീവിതം മധുരിക്കട്ടെ

Apr 6, 2016