സന്ധിവാത രോഗങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സന്ധികളിലെ തേയ്മാനം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സാധാരണയായി നാല്‍പത് വയസ് കഴിഞ്ഞവരില്‍ കാണപ്പെടുന്ന രോഗാവസ്ഥയാണിത്. പ്രായത്തിനു പുറമേ ആര്‍ത്തവവിരാമം, സന്ധികളില്‍ നേരത്തെയുണ്ടായ ഒടിവുകളും ചതവുകളും ശാരീരികാധ്വാനം, പാരമ്പര്യം എന്നിവയെല്ലാം ഇതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് സന്ധിതേയ്മാനം കൂടുതലായി കാണപ്പെടുന്നത്. സാധാരണ ഗതിയില്‍ സന്ധികളുടെ സ്വാഭാവികമായ ചലനങ്ങളെ സുഗമമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സന്ധികളിലുള്ള ദ്രാവകമാണ്. സന്ധികളെ അയവുളളതാക്കുന്ന ഈ ഫ്ലുയിഡ് പൂര്‍ണമായോ ഭാഗികമായോ ഇല്ലാതാകുമ്പോള്‍ സന്ധികള്‍ സുഗമമായി ചലിക്കാനാവാതെ തമ്മില്‍ ഉരസി, അതികഠിനമായി വേദന ഉണ്ടാകുന്നു. സന്ധികളിലെ വേദനയും തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ടുമാണ് സന്ധികളിലെ തേയ്മാനത്തിന്റെ തുടക്കത്തില്‍ കാണപ്പെടാറുള്ള പ്രശ്നം.
ലക്ഷണങ്ങള്‍
സന്ധികളിലെ നീര്, വേദന, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, വഴക്കമില്ലായ്മ തുടങ്ങിയവ സന്ധിതേയ്മാനത്തിന്റെ ലക്ഷണങ്ങളാണ്. രോഗം ഗുരുതരമായാല്‍ സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
ചികിത്സ
ആയുര്‍വേദശാസ്ത്രത്തില്‍ അസ്ഥികളില്‍ സ്ഥിതി ചെയ്യുന്ന വാതം അഥവാ വായു ക്രമാതീതമായി വര്‍ദ്ധിക്കുന്നതു മൂലമാണ് ഇത്തരം രോഗാവസ്ഥ ഉണ്ടാകുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ രോഗാവസ്ഥയ്ക്കും രോഗിക്കും അനുസൃതമായി വാതാനുലോമനത്തിനും അസ്ഥികളുടെ പോഷണത്തിനും ഉതകുന്നതുമായ ഔഷധങ്ങളാണ് നല്‍കിവരാറുള്ളത്. പെതുവേ രാസ്നാദി കഷായം, മഹാരാസ്നാദി കഷായം, ധന്വന്തരം കഷായം, സഹചരാദി കഷായം, യോഗരാജ ഗുല്‍ഗുലു, വ്യോഷാദി ഗുല്‍ഗുലു, ലാക്ഷാദി ഗുല്‍ഗുലു, പഞ്ചതിക്തകം ഘ്യതം, ക്ഷീരബല ആവര്‍ത്തി, ബലാരിഷ്ടം, ധാന്വന്തരം തൈലം, സഹചരാദി തൈലം, കൊട്ടംചുക്കാദി തൈലം, പ്രഭഞ്ജനം തൈലം, കേതകീമൂലാദി തൈലം, മാഷസൈന്ധവ തൈലം എന്നിവ അവസ്ഥാനുസ്യതമായി നല്‍കിവരാറുണ്ട്.
തൃശൂര്‍ തൈക്കാട്ടുശേരിയിലെ വൈദ്യരത്നം നഴ്സിങ് ഹോമില്‍ ഇത്തരം കാരണങ്ങളാല്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് സ്വഅവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ പിഴിച്ചില്‍, വിവിധ തരം കിഴികള്‍, തക്രധാര, പിചു, വേഷ്ടനം, ഉപനാഹം, വസ്തി എന്നീ ചികിത്സകള്‍ നല്‍കിവരാറുണ്ട്. ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ആവുന്ന സമയത്തും രോഗികള്‍ക്ക് രസായന - ബ്യംഹണ (പോഷണ) ഗുണങ്ങള്‍ ലഭ്യമാക്കുവാന്‍ ഉതകുന്ന മരുന്നുകളും അവശ്യമായ പത്ഥ്യങ്ങളും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും നല്‍കാറുണ്ട്. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, അന്നജത്തിന്റെയും വറുത്തയും പൊരിച്ചതുമായ ആഹാരസാധനങ്ങളുടെയും അളവ് കുറച്ച് ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തുക, രാത്രിയില്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഉറങ്ങുക, ലഘുവ്യായാമം ശീലമാക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുക തുടങ്ങിയ ശീലങ്ങള്‍ പാലിക്കുന്നത് ഗുണകരമാണ്.
(സീനിയര്‍ ഫിസിഷ്യന്‍,
വൈദ്യരത്നം നഴ്സിംഗ് ഹോം
തൈക്കാട്ടുശേരി, തൃശൂര്‍)