കുരയ്ക്കുന്ന കേരളം


രാജന്‍ കിണറ്റിങ്കര

5 min read
Read later
Print
Share

തെരുവ് നായ്ക്കളുടെ കടിയേറ്റുകൊണ്ടാണ് ഓരോ ദിവസവും കേരളം ഉണരുന്നത്. രാവിലെ പത്രം കിട്ടിയാല്‍ ഇന്ന് ഹര്‍ത്താല്‍ ഉണ്ടോ എന്ന് നോക്കിയിരുന്ന മലയാളി ഇന്നലെ നായ്ക്കള്‍ എത്ര പേരെ കടിച്ചു എന്നാണ് നോക്കുന്നത്. തെരുവ് നായ്ക്കള്‍ പണ്ടും കേരളത്തില്‍ ഉണ്ടായിരുന്നു. പക്ഷെ അവ, തെരുവില്‍ ആയിരുന്നില്ല, നമ്മുടെയൊക്കെ പറമ്പിലും മുറ്റത്തും ഒക്കെ അവ അലഞ്ഞു നടന്നു.

വിസര്‍ജ്യം ഭക്ഷിച്ചും വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ തിന്നും അവ ആര്‍ക്കും ഒരു ഉപദ്രവും ഇല്ലാതെ ജീവിച്ചു. അന്നൊക്കെ വീടുകളില്‍ കളവും മോഷണവും കുറവാകാനും കാരണം, വീടിന്റെ പറമ്പിലും മുറ്റത്തും എപ്പോഴും കാണുന്ന ഈ നായ്ക്കളുടെ സാന്നിധ്യം ആയിരുന്നു. പക്ഷെ ഈ നായ്ക്കള്‍ക്കൊക്കെ ഒരു വിലാസം ഉണ്ടായിരുന്നു, കുന്നുമ്പിലെ ശങ്കരന്റെ നായ, തെക്കേലെ അയ്യപ്പന്റെ പട്ടി, വടക്കിനി പറമ്പിലെ ശാന്തയുടെ നായ എന്നിങ്ങനെ . പൊറുതി സ്വന്തം വീട്ടില്‍ അല്ലെങ്കിലും അതിനൊക്കെ പേരിനെങ്കിലും ഒരു നാഥന്‍ ഉണ്ടായിരുന്നു.

നായ്ക്കളുടെ ഒരു സ്വഭാവം ആണല്ലോ അസമയത്തോ അതിക്രമിച്ചോ വരുന്ന ആരെ കണ്ടാലും കുരയ്ക്കുക എന്നത്. മനുഷ്യന് ഇല്ലാത്ത ഒരു സ്വഭാവ വിശേഷം നായക്കുണ്ട്. അതിന് സ്വന്തം എന്നോ അന്യന്‍ എന്നോ ഉള്ള വ്യത്യാസം ഒന്നും ഇല്ല. അത് കൊണ്ട് തന്നെ അന്യന്റെ വീട്ടില്‍ ആണെങ്കിലും ആരെയെങ്കിലും അസമയത്ത് കണ്ടാല്‍ അത് കുരയ്ക്കും. ചിലപ്പോള്‍ ഈ വീടിന്റെ പറമ്പ് നിരങ്ങി യല്ലേ താന്‍ വിശപ്പടക്കുന്നത് എന്ന നന്ദിയാവാം.

നായ്ക്കള്‍ക്ക് നന്ദിയുടെയും കൂറിന്റെയും കാര്യത്തില്‍ ശ്രേഷ്ട സ്ഥാനം ആണല്ലോ. മനുഷ്യന്മാര്‍ ആണെങ്കില്‍ വിചാരിക്കുക, എന്റെ വീടൊന്നും അല്ലല്ലോ, കള്ളന്‍ എന്തെങ്കിലും എടുത്ത് കൊണ്ട് പോകട്ടെ എന്നാണ്. പക്ഷെ, ഒരു സുപ്രഭാതത്തില്‍ നായ്ക്കള്‍ ഇങ്ങിനെ അക്രമാസക്തരാവാന്‍ കാരണം എന്ത്? അതൊരു ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

ഒരു കാലത്ത് നമ്മുടെ പറമ്പില്‍ കറങ്ങി നടന്നിരുന്ന ഈ നായ്ക്കള്‍ക്ക് വീടെന്ന ചുറ്റുപാടില്‍ നിന്നും മനുഷ്യന്‍ ഫ്‌ളാറ്റിലേക്ക് കുടിയേറിയപ്പോള്‍ നിലനില്‍പ്പിനായി പൊരുതേണ്ടി വന്നു. പണ്ട് അവയ്ക്ക് കിട്ടിയിരുന്ന വിസര്‍ജ്യവും ഭക്ഷണ അവശിഷ്ടങ്ങളും കിട്ടാതെ വന്നു. അവ തെരുവിലേക്കിറങ്ങി. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഒരു ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തും പോലെ തന്നെ.

അവയുടെ മനസ്സില്‍ ഞങ്ങളുടെ ഈ ദുരവസ്ഥതക്കു കാരണം പരിഷ്‌കൃതനായ ഇന്നത്തെ മനുഷ്യ സമൂഹം ആണെന്നുള്ള തിരിച്ചറിവ് വന്നു. മനുഷ്യന്‍ തീവ്രവാദത്തിലേക്ക് വഴുതി വീഴും പോലെ ഈ നായ്ക്കളും തീവ്രവാദ സ്വഭാവം കാണിക്കാന്‍ തുടങ്ങി. ബോംബും തോക്കും ഒന്നും ഇല്ലാത്തതിനാല്‍ അവ കയ്യിലുള്ള ആയുധം വച്ച് മനുഷ്യനെ ആക്രമിക്കാന്‍ തുടങ്ങി. അവയുടെ കയ്യില്‍ ആകെയുള്ളത് സ്വന്തം പല്ലുകള്‍ ആണല്ലോ.

ഒരു മനുഷ്യന്‍ തീവ്രവാദി ആയി മാറിയാല്‍ സ്വന്തങ്ങളും ബന്ധങ്ങളും മറക്കുന്ന പോലെ ഈ നായ്ക്കളും മനുഷ്യനോടുള്ള തന്റെ പഴയ കൂറും വിധേയത്വവും ഒക്കെ വലിച്ചെറിഞ്ഞു. അവയുടെ മനസ്സില്‍ മനുഷ്യനോട് ഒരുതരം പക ഉടലെടുത്തു എന്നതാണ് സത്യം.

ഒരിക്കല്‍ ഒറ്റപ്പെട്ട് അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞിരുന്ന നായ്ക്കള്‍ തെരുവില്‍ ഒത്തു കൂടി. അംഗബലം കൂടിയപ്പോള്‍ നമുക്കും പ്രതികരിക്കാന്‍ കഴിയും എന്ന് അവയ്ക്ക് ബോധ്യം വന്നു. അവരുടെ ശക്തിയില്‍ അവര്‍ക്ക് കുറച്ചോക്കെ വിശ്വാസം വന്നു തുടങ്ങി. കടുത്ത തീവ്രവാദികളായ മുതിര്‍ന്ന ചില നായ്ക്കള്‍ പക്വത വരാത്ത നായകുട്ടിയുടെ ശിരസ്സില്‍ തീവ്രവാദത്തിന്റെ വിഷ വിത്ത് പാകി. അവ കൂട്ടമായും ഒറ്റയ്ക്കും മനുഷ്യനെ ആക്രമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. പക്ഷെ അപ്പോഴും മനുഷ്യനെ നേരിടാനുള്ള ശക്തി വെറും നാല്‍ക്കാലികളായ തങ്ങള്‍ക്കില്ലെന്ന് നായ്ക്കള്‍ മനസ്സിലാക്കി.

അതിനാല്‍ അവ താലിബാനും ഐ.എസ്. ഐയും ഒക്കെ ചെയ്യുന്ന പോലെ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടത്തി, മനുഷ്യനില്‍ ഭീതി പരത്തി. കടല്‍ക്കരയിലും ഒഴിഞ്ഞ പറമ്പുകളിലും മനുഷ്യനെ ഒറ്റയ്ക്ക് കിട്ടിയാല്‍ അവ കൂട്ടത്തോടെ ആക്രമിച്ചു. പക്ഷെ അവ മനുഷ്യ തീവ്രവാദികളെപ്പോലെ ആക്രമം നടത്തി ഓടിയൊളിച്ചില്ല.

അവ അവിടെ തന്നെ ചുറ്റിക്കറങ്ങി വീരത്വം കാണിച്ചു. മനുഷ്യനായാലും മൃഗമായാലും ഇരയെ ആക്രമിച്ചു തിന്നുന്നതിലാണ് കൂടുതല്‍ സംതൃപ്തി കണ്ടെത്തുന്നത്. മാവിന്‍ ചുവട്ടില്‍ കിടക്കുന്ന ഒരു മാങ്ങ എടുത്തു ഭക്ഷിക്കുന്നതിനേക്കാള്‍ നമുക്ക് പ്രിയം ഒരു മാങ്ങ എറിഞ്ഞു വീഴ്ത്തി ഭക്ഷിക്കുന്നതാണ്.

മീന്‍ ചന്തയില്‍ പോയി ചത്ത സ്രാവിനെ വാങ്ങുന്നതിനേക്കാള്‍ നമുക്ക് സ്വാദിഷ്ടമായി തോന്നുന്നത് ചൂണ്ടയിട്ട് പിടിച്ച പരല്‍ മീനാണ്. അത് പോലെത്തന്നെയാണ് മൃഗങ്ങളും, അതുകൊണ്ടാണ് നായ്ക്കള്‍ മനുഷ്യനെ ഓടിച്ചിട്ടു ആക്രമിക്കുന്നതും.

പണ്ട് ഈ നായ്ക്കള്‍ക്കൊന്നും ചോരയുടെ രുചി അറിയാമായിരുന്നില്ല. അതിനാല്‍ അവ അക്രമ സ്വഭാവവും കാണിച്ചിരുന്നില്ല. പക്ഷെ ഫ്‌ളാറ്റ് ജീവിതം മാറ്റി മറച്ച മനുഷ്യന്റെ ജീവിത ശൈലിയില്‍ അവന്‍ മൂന്നും നാലും ദിവസത്തെ ചിക്കന്‍ വെയ്സ്റ്റും മത്സ്യത്തിന്റെ വെയ്സ്റ്റും ഒക്കെ വഴിയോരത്തും കടലോരത്തും കൊണ്ട് പോയി ആരും കാണാതെ ഉപേക്ഷിച്ചു.

പണ്ട് ഏതെങ്കിലും വീടിന്റെ വടക്കോറത്ത് നിന്ന് ഒരു മീന്‍ തല കിട്ടിയാല്‍ ആയി എന്നതായിരുന്നു നായ്ക്കളുടെ സ്ഥിതി. ഇന്ന് ആഴ്ചകള്‍ പഴക്കമുള്ള വെയ്സ്റ്റ് ഉപേക്ഷിച്ചു പോകുന്ന മനുഷ്യന്‍ ചിന്തിക്കുന്നില്ല, ഇവയൊക്കെ ഭക്ഷിക്കുന്നത് ഇവിടുത്തെ തെരുവ് നായ്ക്കള്‍ ആണെന്നും, അവ അപകടകാരികള്‍ ആവാന്‍ ഇത് നിമിത്തം ആകും എന്നും. കഞ്ഞി കുടിച്ച് നടന്നവന് ഒരു നേരം ബിരിയാണി കിട്ടിയാല്‍ അവന്റെ ചിന്ത ഇനി എന്നും ബിരിയാണി വേണം എന്നാണ്. അതിന് വേണ്ടി അവന്‍ ചില തെറ്റായ മാര്‍ഗ്ഗങ്ങളും അവലംബിച്ചു എന്ന് വരാം. അത് പോലെയാണ് പറമ്പില്‍ തെണ്ടി തിരിഞ്ഞു നടന്നിരുന്ന ഈ നായ്ക്കള്‍ക്ക് ഇഷ്ടം പോലെ (വെയ്സ്റ്റാണെങ്കിലും) മത്സ്യവും മാംസവും കിട്ടാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ മാനസിക അവസ്ഥയും.

കഞ്ഞി കുടിച്ചിരുന്നവന്‍ ബിരിയാണിക്ക് വേണ്ടി കൊതിക്കും പോലെ ഇവയ്ക്കും മത്സ്യവും മാസവും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വന്നു. ഇവയുടെ രുചി അറിഞ്ഞ നായ്ക്കള്‍ എളുപ്പം കിട്ടാവുന്ന മാംസം എന്ന രീതിയില്‍ മനുഷ്യനെ ആക്രമിക്കാന്‍ തുടങ്ങി. തീവ്രവാദികളോടും മൃദു സമീപനമുള്ള ചില രാഷ്ട്രങ്ങളെപ്പോലെ ഇത്തരം ആക്രമികളായ നായ്ക്കളോടും ചില മൃഗ സ്‌നേഹികള്‍ക്ക് അളവില്ലാത്ത അനുകമ്പ.

സ്വന്തം വീടിന്റെ മട്ടുപ്പാവില്‍ അവര്‍ തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിരപരാധി മനുഷ്യരെ വഹിച്ചു കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സ് നോക്കിയിരുന്നു. അവരുടെ മടിയിലിരുന്ന് ദേഹം മുഴുവന്‍ വലിയ വെളുത്ത രോമങ്ങളുള്ള നായക്കുട്ടികള്‍ യജമാനന്റെ കയ്യിലും കാലിലും നക്കി ദേഹ ശുദ്ധി വരുത്തി. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നിയമ സംഹിത പോലെ ആയിരം മനുഷ്യര്‍ കടിച്ചു കീറപ്പെട്ടാലും ഒരു നായക്കുഞ്ഞു പോലും ആക്രമിക്കപ്പെടരുതെന്നു ഇവര്‍ സ്വയം പ്രതിജ്ഞയെടുത്തു.

അവര്‍ ടി.വി യിലും മീഡിയകളിലും നായക്കുട്ടികളെ മടിയിലും മാറിലും ഇരുത്തി ചര്‍ച്ചകളില്‍ സജീവമായി . കാറിന്റെ വാതില്‍ തുറന്നു കൊടുക്കാനും അടയ്ക്കാനും ഡ്രൈവര്‍മാര്‍ ഉള്ളവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷവും എന്നിവര്‍ക്ക് അറിയാത്തതോ അറിയില്ലെന്ന് നടിക്കുന്നതോ. അതോ മനുഷ്യനെ സ്‌നേഹിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റി നായ്ക്കളെ സ്‌നേഹിച്ചാല്‍ കിട്ടും എന്നത് കൊണ്ടോ ? മത്സ്യങ്ങളെ കൊല്ലുന്നതിന് എതിര്‍പ്പില്ല, കോഴിയെ കൊല്ലുന്നതിന് എതിര്‍പ്പില്ല, ആടിനെ കൊല്ലുന്നതിനും അതിന്റെ ഒക്കെ ഇറച്ചി കഴിക്കുന്നതിനും എതിര്‍പ്പില്ല.

പിന്നെ എന്താണാവോ, നായ്ക്കളോടും പട്ടികളോടും ഇവര്‍ക്ക് ഇത്ര വലിയ സ്‌നേഹം. ജീവന്‍ എന്ന് പറഞ്ഞാല്‍ അത് ഉറുമ്പായാലും ആനയായാലും ഒരുപോലെതന്നെയാണ്. എന്തിനും സ്വന്തം പ്രാണന്‍ പ്രിയപ്പെട്ടത് തന്നെയാണ്. അടുക്കള തിണ്ണയില്‍ വീണുപോയ ഒരു ഉറുമ്പ് പ്രാണ രക്ഷാര്‍ത്ഥം ഓടിപ്പോകുന്നത് അബദ്ധത്തില്‍ എങ്ങാനും തീയില്‍ വീണുപോകുമോ എന്ന് ഭയന്നാണ്.

പൊതുവെ ചില വിദേശികള്‍ക്ക് ഇന്ത്യയെ പറ്റിയുള്ള ചിത്രം എന്തെന്നാല്‍ ഇന്ത്യയിലെ റോഡുകളിലും വഴികളിലും ഒക്കെ നാല്‍ക്കാലികള്‍ അലഞ്ഞു തിരിയുന്നു എന്നാണ്? നാല്‍ക്കാലികള്‍ നടക്കുന്നത് പോലും അവജ്ഞയോടെ കാണുന്ന ഇവര്‍ നമ്മുടെ കേരളത്തിലെ തെരുവ് നായ്ക്കള്‍ മനുഷ്യനെ കടിച്ചു കീറുന്ന വാര്‍ത്ത അറിഞ്ഞാലോ. വിദേശ ടൂറിസ്റ്റുകള്‍ പോട്ടെ, അടുത്ത സംസ്ഥാനക്കാര്‍ കൂടി കേരളത്തിലേക്ക് വരാന്‍ ഭയക്കും.

പിന്നെ ഇഷ്ടം പോലെ മദ്യം വിളമ്പിയത് കൊണ്ടോന്നും ടൂറിസം മേഖല രക്ഷപ്പെടില്ല. മനുഷ്യനായാലും മൃഗമായാലും മനുഷ്യനോ സമൂഹത്തിനോ അവയുടെ പ്രവര്‍ത്തികള്‍ ദോഷകരമായി ഭവിക്കുമ്പോള്‍ ശിക്ഷിക്കപ്പെടണം.

മനുഷ്യനാണെങ്കില്‍ ജയിലും കോടതിയും നിയമ വ്യവസ്ഥയും ഒക്കെയുണ്ട്. നായ്ക്കള്‍ക്ക് കോടതിയും ജയിലും ഒന്നും ബാധകമല്ലാത്തതിനാല്‍ അക്രമികളായ നായ്ക്കളെ കൊല്ലുക എന്ന് മാത്രമേ നിവര്‍ത്തിയുള്ളൂ. അതുപോലെ അവ അക്രമകാരികള്‍ എങ്ങിനെ ആയി എന്ന് കൂടി മനുഷ്യന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

അതിനുകൂടിയുള്ള ഒരു പ്രതിവിധി നമ്മുടെ ഭരണകൂടവും ഓരോ വ്യക്തിയും സ്വയം കണ്ടെത്തേണ്ടി യിരിക്കുന്നു. പല ദുരന്തങ്ങളും നമ്മള്‍ സ്വയം വരുത്തി വയ്ക്കുന്നത് തന്നെയാണ്, പിന്നീട് വിലപിക്കുന്നതിനേക്കാള്‍ നല്ലത് ആദ്യമേ മുന്‍ കരുതല്‍ സ്വീകരിക്കുന്നതാണ്. നായ്ക്കളല്ലേ, ഉപദേശിച്ചാലൊന്നും നേരെയാവില്ല, അതുകൊണ്ട് നമുക്ക് സ്വയം നന്നാകാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram