അബുദാബി: ബി.ഡബ്ല്യു.എഫ്. ലോക സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ യു.എ.ഇ.യെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്ന 24 അംഗ സംഘത്തിൽ മലയാളികൾ ഉൾപ്പെടെ 22 പേരും ഇന്ത്യക്കാർ. പോളണ്ടിലെ കാറ്റൊവൈസിൽ ഓഗസ്റ്റ് നാലുമുതൽ 11 വരെയാണ് മത്സരം.
യു.എ.ഇ. ടെബിൾ ടെന്നിസ് ആൻഡ് ബാഡ്മിൻറൺ അസോസിയേഷൻറെ നേതൃത്വത്തിലാണ് സംഘം പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്. 35 മുതൽ 75 വയസ്സുവരെയുള്ള മുതിർന്നവരുടെ ചാമ്പ്യൻഷിപ്പിൽ യു.എ.ഇ. പങ്കെടുക്കുന്നതും ആദ്യമായാണ്. പുരുഷന്മാരുടെ സിംഗിൾസ്, ഡബിൾസ്, വനിതകളുടെ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലെല്ലാം യു.എ.ഇ. സംഘം മാറ്റുരയ്ക്കും.
23 വർഷമായി അബുദാബിയിൽ ജീവിക്കുന്ന തനിക്ക് യു.എ.ഇ.യുടെ ജഴ്സി അണിയാൻ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ടീം മാനേജർമാരിൽ ഒരാളും കളിക്കാരനുമായ അബ്ദുൽലത്തീഫ് പറഞ്ഞു. കൊച്ചിയിൽനടന്ന എട്ടാമത് ചാംപ്യൻഷിപ്പിൽ 60 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ അബ്ദുൽലത്തീഫ് മത്സരിച്ചിരുന്നു. അമേരിക്ക, കാനഡ, യൂറോപ്പ്, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി വിവിധ രാജ്യക്കാരായ 1500 പേർ മത്സരത്തിൽ പങ്കെടുക്കും. 2003-ൽ ആരംഭിച്ച് രണ്ടുവർഷത്തിൽ ഒരിക്കൽ നടന്നുവരുന്ന ചാമ്പ്യൻഷിപ്പിൽ നേരത്തെ ബൾഗേറിയ, മലേഷ്യ, തായ്‌വാൻ, സ്പെയിൻ, കാനഡ, തുർക്കി, സ്വീഡൻ എന്നീ രാജ്യക്കാരായിരുന്നു ജേതാക്കൾ.
Content Highlights: World Badminton Championship; 22 Indians in UAE Team
Share this Article
Related Topics