Representational Image| Reuters
അബുദാബി : യു.എ.ഇ.യിൽ പൊതുജനങ്ങൾക്കും ഉടൻതന്നെ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാവാം. മാനവികതയ്ക്കുവേണ്ടി യു.എ.ഇ. നടത്തുന്ന ഈ ഉദ്യമത്തിൽ ഭാഗമാവാൻ താത്‌പര്യമുള്ളവർക്ക് https://4humanity.ae എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് പരീക്ഷണത്തിന്റെ ഭാഗമാവാം.
മാരക അസുഖങ്ങളുള്ളവർക്കും മുൻപ് കോവിഡ് ബാധിച്ചിരുന്നവർക്കും വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാവാൻ കഴിയില്ല. ചൈനയുമായി സഹകരിച്ച് യു.എ.ഇ. വികസിപ്പിച്ച വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തോടെയാണ് ഇതു നടത്തുന്നത്. ആദ്യ രണ്ടുഘട്ടങ്ങളിലും പ്രതീക്ഷ നൽകുന്ന ഫലമാണ് പരീക്ഷണത്തിൽനിന്ന് ലഭിച്ചത്. അതിന്റെ പിൻബലത്തിലാണ് കൂടുതൽപ്പേരിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിർമിതബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ‘ജി 42’യും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ഈ വാക്സിൻ പരീക്ഷണം വളരെ പ്രതീക്ഷയോടെയാണ് യു.എ.ഇ. നോക്കിക്കാണുന്നത്. അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിലാണ് ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും പരീക്ഷണത്തിന്റെ ഭാഗമായി. ശേഷമാണ് വെബ്‌സൈറ്റ് പൊതുജനങ്ങളിൽനിന്നുള്ള അപേക്ഷ സ്വീകരിക്കുന്നതിനായി തുറന്നുനൽകിയത്. അപേക്ഷകരുടെ സ്ഥലങ്ങളടക്കം അടയാളപ്പെടുത്തുകയെന്നതാണ് ആദ്യ പ്രവർത്തനം. തുടർനടപടികൾ ഉടൻതന്നെ ആരോഗ്യപ്രതിരോധമന്ത്രാലയം വ്യക്തമാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
വാക്സിൻപരീക്ഷണത്തിന് അപേക്ഷ സമർപ്പിച്ചവരിൽനിന്ന് ശാരീരിക ക്ഷമത പരിശോധിച്ചുറപ്പാക്കിയവർക്ക് മൂന്നാഴ്ച ഇടവേളയിൽ രണ്ടുഡോസ് വാക്സിനാണ് നൽകുക. തുടർന്ന് ഇവരിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ആരോഗ്യവകുപ്പ് സൂക്ഷ്മവിശകലനം ചെയ്യും. മാസാമാസമുള്ള പരിശോധനയടക്കം ഒരു വർഷക്കാലം ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.