ഗള്‍ഫുകാര്‍ക്ക് നാദിര്‍ഷ അതിഥിയല്ല ഒരിക്കലും. തങ്ങളില്‍ ഒരാളെന്നപോലെ ഇടയ്ക്കിടെ വന്നുപോകുന്ന അടുത്ത സ്‌നേഹിതനാണ് ഈ കലാകാരന്‍. ഒരു സകലകലാവല്ലഭന്‍ എന്ന് വിശേഷിപ്പിച്ചാലും അത് അധികമാവില്ല.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാത്രമല്ല നല്ല സിനിമകളിലൂടെ ചിന്തിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.
ഒരു മിമിക്രി കലാകാരനില്‍ നിന്നും ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി ഇതിനകം വളര്‍ന്നിരിക്കുന്നു. പാരഡി ഗാനങ്ങള്‍ മാത്രമല്ല കഥയ്ക്കനുയോജ്യമായ ഗാനങ്ങള്‍ എഴുതാനും നാദിര്‍ഷയ്ക്ക് സാധിക്കും. ഈയിടെ കൊല്ലം ടി.കെ.എം. കോളേജ് പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിലെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നിര്‍മാതാക്കളും വിതരണക്കാരും തര്‍ക്കം തുടരുന്നതിനാല്‍ മലയാള സിനിമ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നാദിര്‍ഷ ദുഃഖിതനാണ്. ഇവരെല്ലാവരും ഒരുമിച്ചിരുന്ന് പരസ്പരധാരണയുടെ സമവായത്തിലെത്തിയില്ലെങ്കില്‍ സിനിമാവ്യവസായം പൂട്ടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സിനിമാനിര്‍മാതാക്കള്‍ പലപ്പോഴും 'കഴുത്തറപ്പന്‍' പലിശയ്ക്ക് പണം വാങ്ങിയാണ് ഈ മേഖലയില്‍ ചെലവഴിക്കുന്നത്. ഓണം, പെരുന്നാള്‍, ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ടാണ് ചിലര്‍ പണമിറക്കുന്നത്. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ നിര്‍മാതാക്കള്‍ വലിയ പ്രശ്‌നങ്ങളില്‍പ്പെടുകയാണ്. സമ്പാദിച്ചുകൂട്ടിയതില്‍ നിന്നും പണമെടുത്ത് സിനിമയില്‍ ഇറക്കുന്നവര്‍ കുറവാണെന്നാണ് നാദിര്‍ഷായുടെ അഭിപ്രായം.
ഈ അനിശ്ചിതത്വം എപ്പോള്‍ തീരുമെന്ന വേവലാതി സിനിമയില്‍ 'വെളിച്ചം കാണിച്ചുകൊടുക്കുന്ന' സാധാരണ തൊഴിലാളികള്‍ മുതല്‍ മുന്‍നിര അഭിനേതാക്കള്‍ക്കുവരെയുണ്ട്. ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷം സമരത്തില്‍ മുങ്ങിയ സ്ഥിതിക്ക് ജനുവരിയിലും വലിയ വരുമാനം പ്രതീക്ഷിക്കേണ്ട. സമരം തീര്‍ന്നാലും ഈ മാസം കുട്ടികളുടെ പരീക്ഷയും മറ്റ് കാരണങ്ങളാലും തിയേറ്ററുകളില്‍ കുടുംബങ്ങള്‍ എത്തുന്നതും കുറവായിരിക്കുമെന്ന് നാദിര്‍ഷാ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ തിയേറ്ററുകള്‍ക്ക് ആദ്യവാരത്തില്‍ 45 ശതമാനവും പിന്നീടുള്ള ആഴ്ചകളില്‍ 50 ശതമാനവും വരുമാനം കിട്ടുന്നുണ്ട്. പലപ്പോഴും ഇത്തരം ഉടമകളുടെ നിര്‍ബന്ധത്തിലാണ് സിനിമ ഓടിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഒരു സിനിമ ഒരു തിയേറ്ററില്‍ നിന്നുമാത്രമായി ചുരുങ്ങിയത് ഒരുകോടി രൂപ നേടിയാല്‍ അതില്‍ 70 ലക്ഷവും ഉടമകള്‍ പിടിച്ചുവാങ്ങുകയാണെന്നാണ് നാദിര്‍ഷ പറയുന്നത്.
ഒരു സിനിമ വീണുകഴിഞ്ഞാല്‍ അതിനെ രണ്ടാമത് ഉയര്‍ത്തിയെടുക്കാന്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അത്രമാത്രം കഷ്ടപ്പെടുകയാണ്. 'ആക്ഷന്‍ ഹീറോ ബിജു' തുടങ്ങിയ അടുത്തിടെ വിജയിച്ച ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. 'അമര്‍ അക്ബര്‍ അന്തോണി', 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്നീ രണ്ടുചിത്രങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതില്‍ സംവിധായകനായ നാദിര്‍ഷ വലിയ സന്തോഷത്തിലാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരെ അഭിനയിപ്പിച്ച് ഒരു സിനിമ ചെയ്യുകയെന്നത് വലിയ സ്വപ്‌നമാണ്. എന്നാല്‍, സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണ്, അത്തരം പ്രോജക്ടുകള്‍ പാളിയാല്‍ ഭാവിയെ ബാധിക്കുമെന്ന ഭയവുമുണ്ട്. നല്ല വിഷയങ്ങള്‍ കിട്ടിയാല്‍ മാത്രമേ സിനിമ ചെയ്യുകയുള്ളൂ.
ജനങ്ങളാണ് ഒരു സിനിമയുടെ അവസാനവാക്ക്, ഒരു ചിത്രത്തിന് അഞ്ചുകോടി രൂപ മുടക്കുന്നവരല്ല അഞ്ചുരൂപ ചെലവാക്കി ആ സിനിമ കാണുന്ന പ്രേക്ഷകനാണ് ചിത്രത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്നാണ് നാദിര്‍ഷയ്ക്ക് പറയാനുള്ളത്. പാരഡി ഗാനങ്ങളുടെ മാര്‍ക്കറ്റ് താഴുകയാണ്, കൂടുതല്‍ നിയമ പ്രശ്‌നങ്ങളുമുണ്ട്. പെട്ടന്നുണ്ടാക്കാന്‍ സാധിക്കുന്നതല്ല പാരഡി. ചിരിപ്പിക്കാന്‍ ഏറെ അധ്വാനമുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു.
ഒരിക്കലും ചിരിക്കില്ലെന്ന് വാശിപിടിക്കുന്നവരുണ്ട്, അവരെ ചിരിപ്പിക്കാനും പ്രയാസമാണ്. ചില പേരുകളില്‍പ്പോലും തമാശയുണ്ട്, എന്നാല്‍ പുതിയൊരു പേരുകാരന്‍ വേദിയില്‍ തമാശ പറയാന്‍ വരികയാണെങ്കില്‍ ആസ്വാദകരുടെ മനസ്സില്‍ പതിയുന്ന തമാശ ഇറക്കണം.
അല്ലെങ്കില്‍ രക്ഷപ്പെടാന്‍ പാടായിരിക്കും. ചിരിപ്പിക്കുന്നതിനെക്കാള്‍ കരയിപ്പിക്കാനാണ് അനായാസം സാധിക്കുകയെന്നാണ് നാദിര്‍ഷയുടെ അഭിപ്രായം. ഷാഹിനയാണ് ഭാര്യ. ആയിഷ, ഖദീജ എന്നിവര്‍ മക്കള്‍. ഇപ്പോള്‍ എറണാകുളത്താണ് താമസം.
തയ്യാറാക്കിയത്: ഇ.ടി.പ്രകാശ്