കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കാലാനുസൃതമായി മാറ്റേണ്ടതുണ്ട്. സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തേണ്ടതും കേരളം നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്മാര്‍ട് ക്ലാസ് മുറികള്‍, മികച്ച ലൈബ്രറികള്‍, ലാബുകള്‍, മെച്ചപ്പെട്ട ശൗചാലയങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കേണ്ടതുണ്ട്. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എക്‌സ്‌പോ സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വീഡിയോ സ്വിച്ച് ഓണ്‍ കര്‍മം കെ. മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ചീഫ് പേട്രന്‍ അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ലീം, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍, ഷാര്‍ജ സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സയ്യിദ് മുഹമ്മദ്, നോര്‍ക പ്രവര്‍ത്തകസമിതി അംഗം ആര്‍. കൊച്ചുകൃഷ്ണന്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് മഹാജന്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍, ഡോ. ഷംസീര്‍ വയലില്‍, ജോര്‍ജ് നേരേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മേതില്‍ ദേവികയുടെ ഭരതനാട്യം അരങ്ങേറി. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിവിധ എമിറേറ്റുകളില്‍നിന്ന് വന്‍ജനാവലിയാണ് എത്തിയത്.