ദുബായ്: കാഴ്ചവൈകല്യമുള്ളവര്‍ക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന നൂര്‍ ദുബായിക്ക് ദുബായ് ഇസ്ലാമിക് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ഡി.ഐ.എച്ച്.എഫ്.) സഹായം തുടരും. സഹകരണത്തിന്റെ ആറാംവര്‍ഷത്തില്‍ ഫൗണ്ടേഷന്‍ നൂര്‍ദുബായിയുടെ സഞ്ചരിക്കുന്ന കണ്ണ് ക്ലിനിക്കുകള്‍ക്ക് സഹായമേകും. സഹകരണകരാറില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
യു.എ.ഇ.യിലും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലും കാഴ്ചശേഷി കുറഞ്ഞവര്‍ക്കിടയില്‍ സൗജന്യചികിത്സയും സഹായങ്ങളും ബോധവത്കരണവും നടത്തുകയാണ് നൂര്‍ ദുബായ് ചെയ്യുന്നത്. ഇസ്ലാമിക് ഫൗണ്ടേഷന്റെ സഹായത്തോടെ യു.എ.ഇ.യില്‍ സഞ്ചരിക്കുന്ന ക്ലിനിക് വഴി സൗജന്യചികിത്സും മരുന്നും ലഭ്യമാക്കും. സാമ്പത്തികശേഷിയില്ലാത്തവര്‍ക്കാണ് സഹായമെത്തിക്കുക.
നൂര്‍ ദുബായ് ഫൗണ്ടേഷന്‍ ഇതുവരെയായി ലോകത്തിന്റെ വിവിധ കോണുകളിലുള്ള 2.4 കോടി ആളുകള്‍ക്ക് സഹായമെത്തിച്ചതായി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതമി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സഞ്ചരിക്കുന്ന ക്ലിനിക്ക് വഴി യു.എ.ഇ.യില്‍ 5,000 പേര്‍ക്ക് ചികിത്സ നല്‍കുകയും 650 പേര്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തു.