ഐ.എസ്. ആശയങ്ങള്‍ സംഘം പ്രചരിപ്പിക്കുകയും സാമ്പത്തികസഹായം ചെയ്യുകയും സിറിയയില്‍ ആക്രമണം നടത്തുന്നതിന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി സാക്ഷികളിലൊരാളായ പോലീസ് ഓഫീസര്‍ മൊഴി നല്‍കി. ഇമാറാത്തി യുവാക്കളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്ത് ഭീകരാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാനസികവും ശാരീരികവുമായ പരിശീലനം നല്‍കാനായിരുന്നു പദ്ധതി. ഇമാറാത്തി നേതാവിന്റെ നേതൃത്വത്തില്‍ അല്‍ഐനില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇയാള്‍ പ്രവര്‍ത്തകരെ ധനസമാഹരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. സിറിയയില്‍ അബു ദിജ്‌നാ, അബു ഖത്താബ് എന്നീ പേരുകളില്‍ രണ്ട് ഇമാറാത്തികള്‍ ഐ.എസ്സിനുവേണ്ടി പ്രചാരണപ്രവര്‍ത്തനം നടത്തിയതായും ഓഫീസര്‍ വെളിപ്പെടുത്തി. നാല് ഇമാറാത്തികള്‍ ഒമാനിലേക്കു പോകുകയും അവിടെനിന്ന് വിമാനമാര്‍ഗം സിറിയയിലെത്തി ഐ.എസ്സില്‍ ചേരുകയും ചെയ്തതായി വിവരം ലഭിച്ചതായും ഓഫീസര്‍ പറഞ്ഞു. ഇവര്‍ സംഘടനയ്ക്ക് പണം നല്‍കുകയും ആക്രമണങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. വിചാരണവേളയില്‍ ആറു പ്രതികളാണ് ഹാജരായത്. തുടര്‍ വിചാരണ ഡിസംബര്‍ 21-ന്.