ഷാര്‍ജയില്‍ യുവതി പെണ്‍വാണിഭസംഘത്തിന്റെ കുരുക്കില്‍


1 min read
Read later
Print
Share

ഷാര്‍ജ: പ്രസവാനന്തര ശുശ്രൂഷയ്ക്കായി നാട്ടില്‍ നിന്നെത്തിയ മലയാളി യുവതി പെണ്‍വാണിഭ സംഘത്തിന്റെ കുരുക്കില്‍. മലപ്പുറം സ്വദേശിനിയായ യുവതിയാണ് വീട്ടിലെ ദാരിദ്ര്യം മൂലം ഷാര്‍ജയിലെത്തി കുരുക്കില്‍പ്പെട്ടത്. രക്ഷകരെ കാത്തിരിക്കുകയാണ് ഇവര്‍.

മുന്‍പ് ഗള്‍ഫിലുണ്ടായിരുന്ന അയല്‍പക്കത്തെ ഒരു സ്ത്രീ മുഖേനയാണ് യുവതി ഷാര്‍ജയിലെത്തിയത്. ഈ സ്ത്രീയുടെ പ്രലോഭനങ്ങളില്‍ യുവതി 'വീണു'പോവുകയായിരുന്നു.
ജോലിയുടെ സത്യാവസ്ഥയെക്കുറിച്ച് ഉറപ്പുവരുത്തിയശേഷമായിരുന്നു യു.എ.ഇ.യിലേക്ക് വരാന്‍ തയ്യാറായത്.

വിസയ്ക്കായി 7,000 ദിര്‍ഹം കൊടുക്കേണ്ടിവരുമെന്നും അത് ശമ്പളത്തില്‍ നിന്നും കൊടുത്താല്‍ മതിയെന്നുമായിരുന്നു ഇടനിലക്കാരി പറഞ്ഞിരുന്നത്.

ജൂണ്‍ 26-നാണ് യുവതി ദുബായിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് അപരിചിതരായ രണ്ട് പേരാണ് ഇവരെ ഷാര്‍ജയില്‍ ഒരു ഫ്ലറ്റിലെത്തിച്ചത്. അവിടെയെത്തിയപ്പോഴാണ് കെണിയിലാണ് പെട്ടതെന്ന് യുവതിക്ക് ബോധ്യമായത്.
അവിടെ ഇതുപോലെ കുരുക്കില്‍ പെട്ടുപോയ വേറെയും സ്ത്രീകളുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. അവിടെ നിന്ന് 'ആവശ്യക്കാര്‍ക്ക്' സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന ഇടപടായിരുന്നു നടന്നിരുന്നത്.
യുവതി അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയില്ല. തുടര്‍ന്ന് അവര്‍ ദേഹോപദ്രവം ചെയ്യുകയും തലമുടി ബലം പ്രയോഗിച്ചു മുറിക്കുകയും ചെയ്തതായി യുവതി പറയുന്നു. പിന്നീട് ഒരു പരിചയക്കാരന്റെ സഹായത്താല്‍ രക്ഷപ്പെട്ട യുവതിക്ക് ദുബായില്‍ ഒരു കുടുംബത്തിന്റെ കൂടെ താമസിക്കാന്‍ തത്കാലത്തേക്ക് സൗകര്യം ലഭിച്ചു.

എന്നാല്‍, യുവതിയുടെ പാസ്‌പോര്‍ട്ട് ഇവരെ കൊണ്ടുവന്ന സംഘത്തിന്റെ ൈകയിലാണ്. അത് തിരിച്ചുലഭിക്കണമെങ്കില്‍ 7,000 ദിര്‍ഹം അവര്‍ ആവശ്യപ്പെടുന്നതായും യുവതി പറഞ്ഞു.
മൂന്ന് മക്കളുള്ള യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. ഇനി ഇവിടെത്തന്നെ മാന്യമായ ജോലിചെയ്ത് മക്കളെ സംരക്ഷിക്കാന്‍ സാധിച്ചാല്‍ മതിയെന്നും യുവതി പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram