പ്രതീകാത്മകചിത്രം | Photo : AP
ദുബായ് : ചൈനയുടെ സഹകരണത്തോടെ യു.എ.ഇ. നിർമിച്ച കോവിഡ് വാക്സിന് ഔദ്യോഗിക അംഗീകാരം. വാക്സിന് 86% ഫലപ്രാപ്തിയുണ്ടെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അംഗീകാരം നൽകിയ സാഹചര്യത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ ഉടൻ അനുമതി നൽകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42 എന്നിവർ ചേർന്നാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവർക്കും ഉപയോഗിക്കാൻ അനുമതി നൽകാനൊരുങ്ങുന്നത്. കഴിഞ്ഞ ജൂലായിലാണ് യു.എ.ഇ. കോവിഡ് വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്.
യു.എ.ഇ.യിലെ 120 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 31000 സന്നദ്ധപ്രവർത്തകരിലാണ് വാക്സിൻ പരീക്ഷിച്ചത്. സെപ്റ്റംബറിൽ അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ ഉപയോഗിക്കാൻ യു.എ.ഇ. അനുമതി നൽകിയിരുന്നു. അതേസമയം റഷ്യയുടെ സ്ഫുട്‌നിക് 5 വാക്സിൻ മൂന്നാംഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 500 പേരിലാണ് പരീക്ഷണം.