ദുബായ്: തൃശ്ശൂർ പൂരത്തിന്റെ വിസ്മയങ്ങളെ, അതേ ചാരുതയോടെ ആവിഷ്‌കരിച്ച് ആയിരക്കണക്കിന് പൂരപ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് ബോളിവുഡ് പാർക്‌സിൽ പൂരം അരങ്ങേറി. ‘മ്മടെ തൃശ്ശൂർ’ എന്ന കൂട്ടായ്മയാണ് പൂരം ദുബായിൽ പുനരാവിഷ്‌കരിച്ചത്.
മഠത്തിൽനിന്നുള്ള വരവിനെ അനുസ്മരിപ്പിച്ച് ശംഖനാദം മുഴക്കിയാണ് പൂരം തുടങ്ങിയത്. 25 പേർ അണിനിരന്ന പഞ്ചവാദ്യം ഇരമ്പിയാർക്കുന്ന താളലയ വിന്യാസമായി. പെരുവനം കുട്ടൻമാരാർ നയിച്ച 75 കലാകാരൻമാർ ഒന്നിച്ച്, മൂന്നു മണിക്കൂറോളം കൊട്ടിക്കയറിയപ്പോൾ നടന്ന വർണാഭമായ കുടമാറ്റവും തൃശ്ശൂർ പൂരത്തെ പുനർജനിപ്പിക്കുകയായിരുന്നു. തൃശ്ശൂരുകാരുടെ സ്വന്തമായ പുലിക്കളിയും കുമ്മാട്ടിക്കളിയും ഒപ്പം കാവടിയാട്ടവും നാടൻ കലാരൂപങ്ങളും സാംസ്‌കാരിക തലസ്ഥാനത്തിന്റെ പ്രൗഢി വിളിച്ചോതിയപ്പോൾ, ശിങ്കാരിമേളം ആവേശം വാനോളമുയർത്തി. വെടിക്കെട്ടുമുണ്ടായി. ബോളിവുഡ് പാർക്‌സിന്റെ മൈതാനം തേക്കിൻകാടായി മാറിയപ്പോൾ, രാജ്മഹൽ തിയേറ്ററിനുൾവശം 14 മണിക്കൂർ നൃത്ത സംഗീത പരിപാടികളും അരങ്ങേറി.
രാത്രി 11 മണിക്ക് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ അടുത്ത പൂരത്തിനുള്ള കാത്തിരിപ്പോടെ ജനം മടങ്ങി. രാജേഷ് മേനോൻ, ശശീന്ദ്രൻ മേനോൻ, അനൂപ് അനിൽ ദേവൻ, ബാലു തറയിൽ, അജിത് കുമാർ, ലദീപ് എന്നിവർ നേതൃത്വം നൽകി.
Content Highlights: Thrissur Pooram at Dubai
Share this Article
Related Topics