ഷാർജ: പാട്ടിന്റെ രാജാവില്ലെങ്കിലും റാണിയെ കാണാനായി മലയാളികളുടെ പ്രിയഗായികയെത്തി. അകാലത്തിൽ വിടപറഞ്ഞ സംഗീത സംവിധായകൻ ജോൺസൺമാഷിന്റെ ഭാര്യ റാണിയുമായി ഗായിക ലതികയുടെ കൂടിക്കാഴ്ച ഇരുവർക്കും ഓർമകളുടെ കണ്ണീർ പാട്ടായി.
ഷാർജ അബുഷഗാരയിലെ ബന്ധുവീട്ടിലുള്ള റാണിയെ കാണാൻ തിങ്കളാഴ്ചയാണ് ലതികയെത്തിയത്. സംഗീത പരിപാടികളുമായി ഇരുവരും ഒരാഴ്ചയായി ഷാർജയിലുണ്ട്. പ്രിയതമന്റെ നിരവധി അനശ്വരഗാനങ്ങൾ പാടിയ ലതികയെ വർഷങ്ങൾക്കുശേഷമാണ് കാണാൻ സാധിച്ചതെന്ന് റാണി പറഞ്ഞു.
മുൻപ് ചെന്നൈയിൽ ജോൺസണും കുടുംബവും താമസിച്ച ഫ്ളാറ്റിനടുത്തായിരുന്നു ലതികയും താമസിച്ചിരുന്നത്. പിന്നീട് സംഗീതാധ്യാപിക ജോലിയുമായി ലതിക കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. അന്നുതൊട്ടുള്ള അടുപ്പമായിരുന്നു ലതികയുമായി ഉണ്ടായിരുന്നതെന്ന് റാണി പറഞ്ഞു. റാണിയുടെ ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവന്നപ്പോൾ സാന്ത്വനവുമായി ലതികയെത്തിയിരുന്നു.
ജോൺസൺമാഷിന്റെനിരവധി ഹിറ്റ് ഗാനങ്ങൾ പാടാൻ അവസരമുണ്ടായത് ലതികയ്ക്ക് ജീവിതത്തിലെ വലിയ അനുഭവമാണ്. ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ’കൺമണിയേ..’ , യേശുദാസിന്റെ കൂടെ പാടിയ ‘മെല്ലെ മെല്ലെ’ തുടങ്ങിയ ഗാനങ്ങളെല്ലാം ലതിക റാണിക്കായി ആലപിച്ചു. പ്രിയതമനെക്കുറിച്ചുള്ള നീറുന്ന ഓർമകളുമായി റാണി ലതികയുടെ പാട്ട് കണ്ണീരോടെ കേട്ടിരുന്നു. ‘സ്വർണ ഗോപുരം’, ‘എന്റെ എന്റേതുമാത്രം’, ‘ഒഴിവുകാലം’ തുടങ്ങി ജോൺസൺ സംഗീതം നിർവഹിച്ച ഏഴ് സിനിമകളിൽ ലതിക പാടിയിട്ടുണ്ട്. ലതിക ഈ ആഴ്ചയോടെ നാട്ടിലേക്ക് മടങ്ങും. റാണി അടുത്തമാസമാദ്യവും. റാണിയുടെ അമ്മ മേരിയും കൂടെയുണ്ട്.
Content Highlights: singer lathika visits music director johnson's wife rani in sharjah