ഷാർജ: ഉണ്ണിയേശുവിന് പുൽക്കൂടൊരുക്കിയും വർണവെളിച്ചങ്ങളാൽ നക്ഷത്രങ്ങൾതൂക്കിയും ഷാർജയിലെ ഇടവകകളും വിശ്വാസികളായ പ്രവാസികളുടെ ഭവനങ്ങളും ക്രിസ്മസ് അലങ്കാരങ്ങളൊരുക്കി.
ഷാർജ യാർമുക്കിലെ പ്രധാന ഇടവകകളിൽ ദിവസങ്ങളായി പരിശുദ്ധജനനം വിളിച്ചറിയിക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പള്ളികളുടെ അങ്കണത്തിൽ ചെറുതും വലുതുമായ നിരവധി പുൽക്കൂടുകൾ വിശ്വാസികൾ അലങ്കരിച്ചിട്ടുണ്ട്. വീടുകളിൽ നക്ഷത്രങ്ങൾ തൂക്കിയും സ്നേഹബന്ധങ്ങളൂട്ടി ഉറപ്പിക്കുന്നതിനായി വിശ്വാസികൾ പരസ്പരം ഗൃഹ സന്ദർശനങ്ങളും നടത്തുന്നു. കുടുംബങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനായി നാട്ടിൽനിന്ന് പലരുടേയും അടുത്തബന്ധുക്കളും എത്തിയിട്ടുണ്ട്.
ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്, മാർത്തോമാ, സെയ്‌ന്റ് മൈക്കിൾസ് ഇടവകകളിലെല്ലാം ക്രിസ്മസ് രാവുകൾ ധന്യമാക്കുന്നതിനായി അലങ്കാരങ്ങൾ ഒരുക്കിത്തുടങ്ങി. പള്ളികളിലെ അംഗങ്ങൾ താമസിക്കുന്ന വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രത്യേക കാരൾസംഘങ്ങളും ഉണ്ണിയേശുവിനെ പ്രകീർത്തിച്ചുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്മസ് കഴിഞ്ഞാലും ചില പള്ളികളിൽ കാരൾ ഉണ്ടാകുമെന്ന് പ്രധാന വൈദികർ അറിയിച്ചു. ക്രിസ്മസ് തലേന്ന് രാത്രിയിൽ പള്ളികളിൽ നടക്കുന്ന ‘തീജ്വാല ശുശ്രൂഷ’യാണ് യേശുവിന്റെ തിരുപ്പിറവിയറിയിക്കുന്ന പ്രധാന ചടങ്ങ്.
ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
Content Highlights: sharjah is all set for Christmas celebrations
Share this Article