ദുബായ്: കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുന്ന് യാത്രചെയ്യാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്കെതിരേ പോലീസ് നടപടി കർശനമാക്കി. ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു. പത്തുവയസ്സ് പൂർത്തിയാവാത്തവർക്കോ അല്ലെങ്കിൽ 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവർക്കോ കാറിന്റെ മുൻസീറ്റിലിരുന്ന് യാത്ര ചെയ്യാൻ അനുവാദമില്ല. പിൻസീറ്റിൽ സുരക്ഷിതത്വത്തിന് എല്ലായ്‌പ്പോഴും സീറ്റ്‌ബെൽറ്റ് ഉപയോഗിക്കണമെന്നും അബുദാബി പോലീസ് ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ദുബായ്, അബുദാബി പോലീസ് ബോധത്കരണ പരിപാടികൾ ആരംഭിച്ചു.
സീറ്റ്‌ബെൽറ്റ് ധരിക്കാതെയുണ്ടാകുന്ന ഒരു വാഹനാപകടം പത്താംനിലയിൽ നിന്ന് താഴേക്ക് പതിക്കുന്ന അതേ ആഘാതമുണ്ടാക്കുമെന്നും പോലീസ് പറഞ്ഞു. സീറ്റ്‌ബെൽറ്റുകൾ 40 മുതൽ 60 ശതമാനം വരെയുള്ള ജീവൻ രക്ഷിക്കുന്നുവെന്നാണ് വാഹനാപകടത്തെക്കുറിച്ചുള്ള ആഗോളഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. നാല് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള സുരക്ഷാസീറ്റുകൾ നിർബന്ധമാണെന്നാണ് ഫെഡറൽ ട്രാഫിക് നിയമത്തിൽ പറയുന്നത്. പിൻസീറ്റിൽ യാത്രചെയ്യുന്ന എല്ലാവരും സീറ്റ്‌ബെൽറ്റ് ധരിക്കേണ്ടതുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ശിക്ഷ ലഭിക്കും.
Content Highlights; police take action against parents who allow children to sit in the front seats
Share this Article
Related Topics