കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും | Photo: ANI
അബുദാബി: ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പ് വച്ചു. ഇന്ത്യ- യുഎഇ വ്യാപാര ഇടപാട് അഞ്ചു വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറില്‍ എത്തിക്കലാണ് ലക്ഷ്യം. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാന്‍ ഇന്ത്യ യുഎഇ വെര്‍ച്വല്‍ ഉച്ചകോടി തീരുമാനിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് നിര്‍ണായക കരാര്‍ യാഥാര്‍ഥ്യമായത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും കരാറില്‍ ഒപ്പ് വച്ചു.
ഇന്ത്യക്കും യുഎഇക്കും ഇടയിലെ വ്യാപാര ഇടപാട് അഞ്ചു വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറില്‍ എത്തിക്കലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രധാന ലക്ഷ്യം. തന്ത്രപ്രധാന കരാറിലേക്ക് നീങ്ങുന്നുവെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നാഴിക്കല്ലാണെന്നും നരേന്ദ്ര മോദിയും ശൈയ്ഖ് മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജം, കാലാവസ്ഥാ പഠനം, നവ സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ, ആരോഗ്യം, പ്രതിരോധം, സുരക്ഷ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ കരാറിന്റെ ഗുണം ഉണ്ടാകും .
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് പുറമെ അപേഡയും ഡിപി വേര്‍ഡും അല്‍ ദഹ്റയും തമ്മില്‍ ഭക്ഷ്യ സുരക്ഷ ഇടനാഴി സംബന്ധിച്ച ധാരണ പത്രം ഒപ്പ് വച്ചു. സാമ്പത്തിക പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റും തമ്മില്‍ ധാരണയില്‍ എത്തി.
ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാന്‍ ഇന്ത്യ യുഎഇ വെര്‍ച്വല്‍ ഉച്ചകോടി തീരുമാനിച്ചു. സമീപ കാലത്ത് യുഎഇക്ക് നേരെ നടന്ന ഹൂതി അക്രമങ്ങളെ നരേന്ദ്ര മോദി അപലപിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് നന്ദി പറഞ്ഞു.
Content Highlights: India-UAE Comprehensive Economic Partnership Agreement