കൊച്ചി : ദുബായിൽ ബ്യൂട്ടിപാർലറിൽ ജോലിക്കെന്നപേരിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി. രക്ഷപ്പെട്ടെത്തിയ ചാവക്കാട് സ്വദേശിനി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ചാവക്കാട് പോലീസ് എടുത്ത കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും അതിനാൽ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ആവശ്യം. നിലവിലെ കേസിൽ അന്തിമറിപ്പോർട്ട് ഉൾപ്പെടെ തുടർനടപടികൾ വിലക്കണമെന്നും ആവശ്യമുണ്ട്.
രാജ്യാന്തര മനുഷ്യക്കടത്ത്, പെൺവാണിഭ സംഘത്തിലുള്ളയാളാണ് ഒന്നാംപ്രതിയെന്ന് ഹർജിയിൽ പറയുന്നു. തന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയുടെ പേരിൽ ബലാത്സംഗക്കുറ്റമോ മനുഷ്യക്കടത്തോ ഉൾപ്പെടുത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിനാണ് ശ്രമം നടക്കുന്നത്.
നാട്ടുകാരനായ ഒന്നാംപ്രതിയാണ് ബ്യൂട്ടിപാർലറിൽ ജോലി വാഗ്ദാനംചെയ്ത് തന്നെ ദുബായിലെത്തിച്ചതെന്നാണ് പരാതി. ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. താനും ഭർത്താവും കൂടി ബാങ്കിൽനിന്ന് വായ്പയെടുത്ത് ഒരുലക്ഷം രൂപനൽകി.
2018 സെപ്റ്റംബർ 21-ന് ദുബായിലെത്തിയപ്പോൾ ഇയാളുടെ മകനായ രണ്ടാംപ്രതിയാണ് താമസസ്ഥലത്താക്കിയത്. താമസസ്ഥലത്ത് വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളുണ്ടായിരുന്നു. അവർ ജോലികഴിഞ്ഞ് രാത്രിവൈകിയാണ് എത്തിയിരുന്നത്. പിറ്റേന്ന് ഒന്നാംപ്രതിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞെങ്കിലും അപകടം മണത്ത് ഹർജിക്കാരി വിസമ്മതിച്ചു. സെപ്റ്റംബർ 23-ന് മറ്റുസ്ത്രീകളെല്ലാം പുറത്തുപോയപ്പോൾ ഒന്നാംപ്രതിയും പിറകെ മകനും താമസസ്ഥലത്തുവന്ന് പീഡിപ്പിച്ചു. വേശ്യാവൃത്തിക്കാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് ഒന്നാം പ്രതി പറഞ്ഞു. പലരെയും ഇത്തരത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. പാസ്പോർട്ടും ഫോണും കൊണ്ടുപോയി. അടുത്തദിവസം ഹർജിക്കാരിയെ ഹോട്ടലിൽ കൊണ്ടുപോയി മറ്റുള്ളവർക്കെത്തിച്ചെങ്കിലും ചെറുത്തുനിന്നു. മറ്റൊരാളുടെ സഹായത്തോടെ ഡിസംബർ മൂന്നിന് നാട്ടിലെത്തിയശേഷമാണ് പോലീസിൽ പരാതി നൽകിയത്.