ദുബായ്: ജാഗ്രതയോടെയാകട്ടെ നിങ്ങളുടെ ഓരോ യാത്രകളും. അതുമൂലം ഒരാളെയെങ്കിലും മനുഷ്യക്കടത്തിൽനിന്ന് നിങ്ങൾക്ക് രക്ഷപ്പെടുത്താനാകുമെന്ന് ദുബായ് പോലീസ്.
മനുഷ്യക്കടത്തിനെതിരായ ലോകദിനത്തോടനുബന്ധിച്ചാണ് ‘ഡോണ്ട് ടേൺ എ ബ്ലൈൻഡ് ഐ’ എന്ന ബോധവത്‌കരണ പ്രചാരണം ദുബായ് പോലീസ് ആരംഭിച്ചത്. എയർപോർട്ട് സ്റ്റാഫ് മുതൽ യാത്രക്കാരിൽ വരെ, മനുഷ്യക്കടത്ത് തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും അവബോധം വളർത്തുന്ന വിപുലമായ രണ്ടുവർഷത്തെ പ്രചാരണത്തിനാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
വിമാനത്താവള ജീവനക്കാർക്കായി ശില്പശാലകളും ബോധവത്കരണ സെമിനാറുകളും നടത്തും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് സഹായകരമാകുന്ന വിവരങ്ങൾ ദുബായ് വിമാനത്താവളങ്ങളിലെ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന് ഇരയാകുന്നവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന് യാത്രക്കാരെ ബോധവത്കരിക്കും. ഇരകളിലേക്ക് എത്തിച്ചേരാനും അവർക്ക് എപ്പോഴും അധികാരികളുടെ സഹായം തേടാമെന്ന ഉറപ്പുനൽകാനും ദുബായ് പോലീസ് ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരിൽ അവബോധം വളർത്തുക, വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്നവരെ പരിശീലിപ്പിക്കുക എന്നിവ ഇത്തരം കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ പ്രധാനമാണെന്ന് മനുഷ്യാവകാശ ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ.മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.
സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരോട് പോലീസ് നിർദേശിച്ചു. എയർപോർട്ട് ജീവനക്കാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനും മനുഷ്യക്കടത്തിന് ഇരയാകുന്നവർ പോലീസിന്റെ സഹായം തേടാൻ മടി കാണിക്കരുതെന്നും ദുബായ് പോലീസ് നിർദേശിക്കുന്നു. 2018-ൽ ദുബായ് പോലീസ് മുപ്പത് മനുഷ്യക്കടത്ത് കേസുകളാണ് കണ്ടെത്തിയത്.
Content Highlights: Dubai Police warning on Human Trafficking