Photo: PTI
ദുബായ്: യു.എ.ഇ.യിൽ മൂന്നുമുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള ഇമ്യൂൺ ബ്രിഡ്ജ് പഠനം ഇതിനകം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കോവിഡ്, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചും രക്ഷിതാക്കളുടെ സമ്മതത്തോടെയുമാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നത്. കൂടാതെ, കുട്ടികളുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണഘട്ടത്തിലെ പൂർണ വിവരങ്ങളും ആവശ്യമായ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ 900 കുട്ടികളിലാണ് പഠനം നടത്തുന്നത്. പഠനത്തിന്റെ പ്രാഥമികഫലങ്ങൾ ലഭ്യമായിത്തുടങ്ങിയാൽ സ്കൂളുകളിലേക്ക് കുട്ടികൾക്ക് സുരക്ഷിതമായി മടങ്ങാനുള്ള വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
ഏതൊരു രാജ്യത്തിന്റെയും ഭാവി തീരുമാനിക്കുന്നത് കുട്ടികളായതിനാൽ കുട്ടികളിലും വാക്സിൻ സുരക്ഷിതത്വം അത്യാവശ്യമാണെന്ന് നാഷണൽ കോവിഡ്-19 ക്ലിനിക്കൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. നവാൽ അൽ കാബി പറഞ്ഞു. മറ്റുവാക്സിനുകൾക്ക് സമാനമാണ് സിനോഫാം വാക്സിനെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും പീഡിയാട്രിക്സ് വിഭാഗം ചെയർമാനുമായ ഡോ. അഹമ്മദ് ദീമാസ് അൽസുവൈദി വ്യക്തമാക്കി.
മറ്റ് വാക്സിൻ നിർമാണരാജ്യങ്ങളായ ചൈന, അമേരിക്ക, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങൾ കുട്ടികളിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.