ആ പോരാട്ടത്തില്‍ അണിചേരാന്‍ അഭിമാനത്തോടെ...


5 min read
Read later
Print
Share
vanitha vinod
കോവിഡ് 19 വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം. യു.എ.ഇ യില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം സന്നദ്ധയായി വെള്ളിയാഴ്ച ഭര്‍ത്താവ് വിനോദിനൊപ്പം ആദ്യ ഡോസ് സ്വീകരിച്ച മാതൃഭൂമി ദുബായ് ബ്യൂറോയിലെ ലേഖിക വനിതാ വിനോദ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

ദുബായ്: യു.എ.ഇയില്‍ നേരിട്ട് പരിചയമുള്ള മൂന്നുപേരുടെ ജീവനാണ് കോവിഡ് 19 കൊണ്ടുപോയത്. അപരിചിതരായ 354 പേരുടെ മരണം വേറെയും. കേരളത്തില്‍ പരിചിതരും അപരിചിതരുമായ എത്രയോ പേരെ ഈ മഹാമാരി ആക്രമിച്ചുകഴിഞ്ഞു. ലോകമൊട്ടാകെ 718,339 മരണങ്ങള്‍. ഇനിയും കൂടുതല്‍പ്പേര്‍ക്ക് ജീവന്‍ നഷ്ടമാകാതിരിക്കാന്‍ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള ലോക ശ്രമങ്ങളെ സഹായിക്കുക എന്നത് ഇന്ന് നമ്മളോരോരുത്തരുടെയും കടമയായി മാറിയിരിക്കുന്നു.

അബുദാബിയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതുമുതല്‍ അതിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. വാക്‌സിന്‍ പരീക്ഷണത്തിന്‌റെ ഭാഗമായ ഓരോരുത്തരുടെയും വാര്‍ത്തകള്‍ അഭിമാനത്തോടെയാണ് വായിച്ചിരുന്നത്. അവിടെ മലയാളിയെന്നില്ല, മനുഷ്യന്‍ എന്ന പദം മാത്രം കണ്ടു. ഇതിനകം 5000 പേര്‍ യു.എ.ഇയില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ഇത് എന്‌റെകൂടി കടമയാണെന്ന ചിന്തയുറപ്പിച്ചു. അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള നിബന്ധനയുള്ളതുകൊണ്ട് ആ ആഗ്രഹം തല്‍ക്കാലം മാറ്റിവെച്ചു. എന്നാല്‍ ആഗസ്റ്റ് ആറിന് (വ്യാഴം) ഷാര്‍ജ അല്‍ ഖറെയ്ന്‍ ഹെല്‍ത്ത് സെന്ററില്‍ വാക്‌സിന്‍ പരീക്ഷണത്തിനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കി. അതോടെ
ആ ഉദ്യമത്തിന് തയ്യാറെടുക്കുക എന്നത് ഉറപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന് ശ്രമിച്ചു. നടന്നില്ല. അതോടെ അവിടേക്ക് നേരിട്ടുപോയി അന്വേഷിക്കാമെന്നായി. വ്യാഴാഴ്ച ഉച്ചയോടെ സെന്ററിലെത്തി. അവിടുത്തെ കാഴ്ച അത്ഭുതപ്പെടുത്തി. 50 ലേറെ വാഹനങ്ങള്‍ ആദ്യദിവസംതന്നെ പാര്‍ക്കിങ്ങിലുണ്ട്. ഇന്നെന്തായാലും വിവരങ്ങളറിയാം എന്ന കാര്യം പോലും നടക്കില്ലെന്ന് ഉറപ്പിച്ചു. രണ്ടും കല്‍പിച്ച് ഹെല്‍ത്ത് സെന്ററിന് അകത്തേക്ക് കയറി. റിസപ്ഷനില്‍ രണ്ട് സ്വദേശികളിരിപ്പുണ്ട്. രജിസ്‌ട്രേഷന്‍ എന്നെഴുതിയിരിക്കുന്നിടത്ത് ചെന്ന് കാര്യം സൂചിപ്പിച്ചു. എമിറേറ്റ്‌സ് ഐ.ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐ.ഡി അല്‍പം ആശങ്കയോടെയാണ് പുറത്തെടുത്തത്. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ വിസ, എമിറേറ്റ്‌സ് ഐ.ഡി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ഇളവുകളുണ്ട്. അക്കാര്യം അവര്‍ക്കുമറിയാമെന്ന വിശ്വാസത്തില്‍ ഐ.ഡി നല്‍കി. റിസപ്ഷന് ഇടതുവശത്തായി നീണ്ടൊരു ഹാളാണ്. അവിടെ സാമൂഹിക അകലം പാലിച്ച് ഏതാനും പേര്‍ ഇരിക്കുന്നു. 20 ലേറെ പേര്‍ നില്‍ക്കുന്നുമുണ്ട്. കണ്ടതിലേറെയും ഇന്ത്യക്കാരാണ്. ആ കൂട്ടത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന യൂണിഫോമിട്ട ഒരു യുവതി സമീപമെത്തി. അറബി കലര്‍ന്ന ഇംഗ്ലീഷില്‍ ഇന്ന് മടങ്ങിപ്പോയി നാളെ വരണമെന്നായിരുന്നു അവരുടെ നിര്‍ദേശം. കാരണം നടപടികളൊരുപാട് തീര്‍ത്തുവേണം വാക്‌സിന്‍ കുത്തിവെപ്പ് നടത്താന്‍.

ആദ്യദിവസം ഹെല്‍ത്ത് സെന്ററിലെ തയ്യാറെടുപ്പുകള്‍ക്കായി എത്തിയതായിരുന്നു ജീവനക്കാര്‍. എന്നാല്‍ അന്നുതന്നെ നൂറുകണക്കിന് ആളുകള്‍ വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായി എത്തിയത് അവരെ അത്ഭുതപ്പെടുത്തിയത്രേ. 60 വയസ്സിന് മുകളിലുള്ള പൂര്‍ണആരോഗ്യവാന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. നിലവില്‍ 18 നും 60 നുമിടയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി. ക്ഷമാപണത്തോടെയായിരുന്നു അവരുടെ സംസാരം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ തന്നെയെത്താന്‍ അവര്‍ നിര്‍ദേശിച്ചു.

പറഞ്ഞതിലും നേരത്തെ വെള്ളി രാവിലെ 7.45 ന് ഹെല്‍ത്ത് സെന്ററിന് മുന്നിലെത്തി. അപ്പോഴുമുണ്ട് പാര്‍ക്കിങ്ങില്‍ അഞ്ചാറ് വാഹനങ്ങള്‍. കൃത്യം എട്ട് മണിയോടെതന്നെ പ്രതീക്ഷിക്കുന്നതിലുമേറെ ആളുകള്‍ എത്തുമെന്ന് ഉറപ്പാണ്. വെള്ളിയാഴ്ചയാണ്. ഏറെപ്പേര്‍ക്കും ജോലിയില്ല. 7.55 ആയപ്പോള്‍ പതുക്കെ വാതില്‍ക്കലേക്ക് നടന്നു. മുഖാവരണം, കയ്യുറകള്‍ ഇതെല്ലാം ധരിച്ചു. എമിറേറ്റ്‌സ് ഐ.ഡിയും സാനിറ്റൈസര്‍ അകത്തുണ്ടാകും എന്നറിയാമെങ്കിലും പ്രത്യേകം ഒരെണ്ണവും കയ്യില്‍ കരുതി. ബാഗ്, പേഴ്‌സ്, മറ്റ് ആഡംബരങ്ങള്‍ ഒന്നുമേയില്ല. കോവിഡ് എന്ന പേര് നമ്മളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക അത്രയധികമാണല്ലോ. തലേന്ന് കണ്ട കസേരങ്ങളെല്ലാം ഒഴിഞ്ഞുകിടപ്പാണ്. റിസപ്ഷനിലും ആളെത്തിയിട്ടില്ല. യൂണിഫോമില്‍ അഞ്ചാറ് നഴ്‌സുമാരും ഡോക്ടര്‍മാരെന്ന് തോന്നിപ്പിക്കുന്ന രണ്ടുപേരും ഹാളിന് സമീപം തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു. അതിലൊരു നഴ്‌സിനോട് കാര്യം പറഞ്ഞു. മലയാളിയായിരുന്നു. കാത്തിരിക്കണം, വിളിക്കും എന്നായിരുന്നു മറുപടി. കൃത്യം 8.10 ആയപ്പോഴേക്കും റിസപ്ഷനില്‍ രണ്ടുപേരെത്തി. അപ്പോഴേക്കും ഹാള്‍ ആളുകളെകൊണ്ട് നിറഞ്ഞുകഴിഞ്ഞു. അഞ്ചാറ് പേര്‍ റിസപ്ഷനിലേക്ക് കുതിച്ചെത്തിയപ്പോള്‍ ഒരു നഴ്‌സ് പാഞ്ഞുവന്ന് തടഞ്ഞു. സമാധാനത്തോടെ എമിറേറ്റ്‌സ് ഐ.ഡി റിസപ്ഷനില്‍ കാണിച്ചു. തൊട്ടുപിറകില്‍ ഇരുന്നവരുടെ കൂടി അവര്‍ വാങ്ങിവെച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ വിളിയെത്തി. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഏകദേശം 10 മിനിറ്റോളം വേണ്ടിവന്നു.

ശേഷം അവര്‍ നിര്‍ദേശിച്ച മുറിയിലേക്ക് നടന്നു. അവിടെയിരുന്ന മലയാളി നഴ്‌സ് ബ്ലഡ് പ്രഷര്‍ പരിശോധിച്ചു. ഉയരം, വണ്ണം എന്നിവ രേഖപ്പെടുത്തി. മലയാളിയാണെന്ന് കണ്ടതോടെ നാട്ടിലെവിടെയെന്നും മറ്റ് വിശേഷങ്ങളും തിരക്കി. ആലോചിച്ചെടുത്ത തീരുമാനമാണോ എന്നായി അടുത്ത ചോദ്യം. നന്നായൊന്ന് ചിരിച്ച് ഞാന്‍ മറുപടി നല്‍കി. രജിസ്‌ട്രേഷന്‍ നടപടികള്‍ തീര്‍ന്നെന്നും വാക്‌സിന്‍ പരീക്ഷണം അടുത്ത ദിവസമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ ഡോസ് അന്നുതന്നെ തരുമെന്നറിഞ്ഞതോടെ അന്തിച്ചുപോയി. അല്‍പസമയത്തിനകം നിര്‍ണായകമായൊരു പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പോകുന്നുവെന്ന ചിന്ത സന്തോഷം ഇരട്ടിയാക്കി. അവര്‍ നല്‍കിയ നിര്‍ദേശപ്രകാരം റൂം നമ്പര്‍ 34 ലക്ഷ്യമാക്കി നടന്നു. കയ്യിലിപ്പോള്‍ കറുത്ത പുറംചട്ടയോടെ ഒരു ഫയലുമുണ്ട്. ആ മുറി തുറന്നുതന്നെ കിടപ്പുണ്ടായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് ഡോ.സുള്‍ഫിക്കര്‍ വരവേറ്റു. ഡോക്ടറില്‍ നിന്നും ആറടി ദൂരെയായി കിടക്കുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഇതുവരെയുള്ള എല്ലാ ആരോഗ്യാവസ്ഥയും വ്യക്തമായി ഡോക്ടര്‍ രേഖപ്പെടുത്തി. കൃത്യമായി വ്യായാമം ചെയ്യാറുണ്ടോ, എന്തുകൊണ്ട് ഈ ഉദ്യമത്തിന് തയ്യാറെടുത്തു എന്നീ ചോദ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ തട്ടിനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതലുണ്ട്. പ്രഗ്നന്‍സി പരിശോധനകൂടി നടത്തേണ്ടിവരും. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ പരീക്ഷണം നടത്താനാവില്ല. പരിശോധന പൂര്‍ത്തിയായി വീണ്ടും ഡോ.സുള്‍ഫിക്കറുടെ മുറിയില്‍. ഇനി രക്തപരിശോധന, കോവിഡ് സ്വാപ് പരിശോധന. രണ്ടും പൂര്‍ത്തിയായാല്‍ വാക്‌സിന്‍ പരീക്ഷണത്തിന് നമ്മുടെ ശരീരം തയ്യാറായെന്ന് ചുരുക്കം.

രണ്ട് ടെസ്റ്റ്യൂബുകളില്‍ അവര്‍ രക്തമെടുത്തു. ഒരെണ്ണം സീല്‍ ചെയ്ത് മാറ്റിവെക്കുന്നത് കണ്ടു. തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ അവര്‍ പറഞ്ഞതില്‍ നിന്നും ചൈന എന്നത് ഊഹിച്ചെടുക്കാനായി. റൂംനമ്പര്‍ 36 ലായിരുന്നു കോവിഡ് സ്വാപ് പരിശോധന. കേട്ടറിഞ്ഞത്രെ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അടുത്തത് വാക്‌സിനെടുക്കാനുള്ള ഊഴമാണ്. തിരക്കൊഴിഞ്ഞ അന്തരീക്ഷമായിരുന്നു ആ മുറിക്ക് പുറത്ത്. ഒരാള്‍ മാത്രം കയ്യിലുള്ള ഫയല്‍ മറിച്ചുനോക്കിയിരിക്കുന്നു. അടുത്ത ഊഴം അയാളുടേതായിരിക്കണം. ഒന്നിടവിട്ട സീറ്റില്‍ കയറിയിരുന്നു. കയ്യിലെ ഫയലില്‍ രജിസ്‌ട്രേഷന്‍ മുതല്‍ വാക്‌സിനേഷന്‍ വരെയുള്ള എല്ലാ പ്രോസസും ടിക് മാര്‍ക്കിടുന്നുണ്ട്. വാക്‌സിനേഷനും ഒബ്‌സര്‍വേഷനും മാത്രമാണ് ബാക്കിയുള്ളത്. നിമിഷനേരം കൊണ്ട് ഊഴമെത്തി. മലയാളികളായ രണ്ട് നഴ്‌സുമാരാണ് അകത്തുള്ളത്. നിങ്ങളെങ്ങിനെ ഇതിനെക്കുറിച്ച് അറിഞ്ഞെന്ന ചോദ്യം വീണ്ടും. ഏകദേശം 12 മണിയോട് അടുത്തു. ഇതിനുള്ളില്‍ നാലാമത്തെയാളാണ് ഒരേ ചോദ്യം ആവര്‍ത്തിക്കുന്നത് എന്നോര്‍ത്തു. നിമിഷങ്ങളേയുള്ളൂ വലിയൊരു ഉദ്യമത്തിന്‌റെ ഭാഗമാവാന്‍. എന്റെ ശ്വാസഗതി ഉയര്‍ന്നുതാഴാന്‍ തുടങ്ങി. സഹജീവികള്‍ക്കായി നിര്‍ണായകമായൊരു പരീക്ഷണത്തിന്‌റെ ഭാഗമാവുകയാണ്. നഴ്‌സുമാര്‍ ഇടംവലം നിന്നു. ഇടതുകൈയില്‍ മുകളിലായി കണ്ണടച്ചുതുറക്കുംമുന്‍പേ സൂചി കയറിയിറങ്ങി. രക്തംകണ്ടാലും, സിറിഞ്ചുകണ്ടാലും ഭയന്നോടിയിരുന്ന എന്നെയവിടെ പിടിച്ചിരുത്തിയത് ഏത് ശക്തിയാണെന്ന് ഇപ്പോഴുമറിയില്ല. ആ നിമിഷം, വര്‍ഷങ്ങളോളം ആരോഗ്യരംഗത്തു സജീവമായി പ്രവര്‍ത്തിച്ചിരുന്ന എന്റെ അമ്മയെ ഓര്‍ത്തു. സാമൂഹ്യസേവനമെന്ന നന്മ ഉള്ളിലേക്ക് പാകിയ ആ നന്മയോര്‍ത്തു. എന്‌റെ കരച്ചിലിനപ്പോള്‍ ശബ്ദമുണ്ടായില്ല. കാരണം തീര്‍ത്തും അശരണരും ദുര്‍ബലരുമായവരുടെ നിലവിളികള്‍ കാതിലപ്പോഴും നിറഞ്ഞുനില്‍പ്പുണ്ടായിരുന്നു.

അടുത്തദിവസം മുതല്‍ നിരീക്ഷണകാലഘട്ടമാണ്. ആദ്യ ഏഴ് ദിവസം അവര്‍ തന്നുവിടുന്ന ഡയറിയില്‍ ശരീരോഷ്മാവ്, ശ്വാസസംബന്ധമായും മറ്റുമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം. ഓരോ ദിവസവും ടെലഫോണ്‍ വഴിയുള്ള അന്വേഷണങ്ങളുമുണ്ടാകും. 21-ാം ദിവസമാണ് അടുത്ത വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമാകേണ്ടത്. 35-ാം ദിവസം ഡോക്ടറെ നേരിട്ട് കാണേണ്ടതുണ്ട്. 49-ാമത് ദിവസം വരെ ഇതേ നടപടികള്‍ തുടരും. അതിനുള്ളില്‍ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥതകളുണ്ടെങ്കില്‍ ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ട് സേവനം തേടുകയോ ആവാം. ഇനി ഒരുവര്‍ഷക്കാലം ഒന്നോ രണ്ടോ തവണ ഡോക്ടറുടെ ടെലഫോണിക് ചെക്കപ്പും എല്ലാ മൂന്നുമാസം കൂടുമ്പോഴും നേരിട്ടുള്ള പരിശോധനയുമാണ്. ഒരു വര്‍ഷത്തോളം ഈ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ ഏതെല്ലാം തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.

യു.എ.ഇയില്‍ പുരോഗമിക്കുന്ന കോവിഡ്19 വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം, സന്തോഷം. പരീക്ഷണത്തിന്റെ ഭാഗമായ ആയിരങ്ങളില്‍ ഒരാളാണ് ഇന്ന് ഞാനും. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ കോവിഡ് കാലത്ത് ലോകം നേരിടുന്ന, ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികള്‍ നേരിട്ടറിയാനായത് തന്നെയാണ് പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. ഇത്രയും നിര്‍ണായകമായ പരീക്ഷണം നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. യുഎഇ നടത്തുന്ന പരീക്ഷണം ഫലപ്രാപ്തിയില്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എയര്‍ കേരളയില്‍ മനംമാറ്റം, പിപിപി മാതൃക ആലോചിക്കാമെന്ന് മുഖ്യമന്ത്രി

Feb 16, 2019


mathrubhumi

1 min

വംശീയ അധിക്ഷേപം നടത്തിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Dec 28, 2017