അബുദാബി: തിരുപ്പിറവിയുടെ സ്മരണയിൽ ഗൾഫ് നാടുകളിലെങ്ങും വിശ്വാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു. യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളിൽ നടന്ന തിരുക്കർമങ്ങളിൽ മലയാളികളുൾപ്പെടെ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. വൈകുന്നേരം മുതൽ ആരംഭിച്ച ശുശ്രൂഷകൾ പുലർച്ച വരെ നീണ്ടു.
അബുദാബി സെയ്ന്റ് ജോസഫ് കാത്തലിക് ദേവാലയത്തിൽ ബിഷപ് പോൾ ഹിൻഡറിന്റെ നേതൃത്വത്തിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. പതിമൂന്ന് ഭാഷകളിലായി അൻപതോളം കുർബാനകളാണ് ക്രിസ്മസിന്റെ ഭാഗമായി സെയ്ന്റ് ജോസഫ് ദേവാലയത്തിൽ നടന്നത്.
അബുദാബി സെയ്ന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്ക് ഫാ. ജിജൻ എബ്രഹാം നേതൃത്വം നൽകി. അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു.
ബുധനാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തോടുകൂടിയാണ് ക്രിസ്മസ് ശുശ്രൂഷകൾക്ക് തുടക്കമായത്. തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും തീജ്ജ്വാല ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ് എന്നിവർ ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു. മുസഫ സെയ്ന്റ് പോൾസ് ദേവാലത്തിലെ ചടങ്ങുകൾക്ക് ഫാ. വർഗീസ് കോഴിപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു. അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബദാ സായിദ്, റുവൈസ് എന്നിവടങ്ങളിൽനിന്നുള്ള വിശ്വാസികളും ചടങ്ങുകളുടെ ഭാഗമായി.
ഇത്തവണ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യങ്ങളിലും ആഘോഷങ്ങൾ നടക്കും. എങ്കിലും വലിയൊരു ശതമാനം വിശ്വാസികളും ക്രിസ്മസ് ആഘോഷങ്ങൾക്കായി മുൻകൂട്ടി അവധിയെടുത്തിരുന്നു. വിശേഷപ്പെട്ട പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളുമെല്ലാമായുള്ള ആഘോഷങ്ങളാണ് ഫ്ളാറ്റുകളിൽ നടന്നത്. ദിവസങ്ങൾക്ക് മുൻപേ വീഞ്ഞിൽ മുക്കിയിട്ട മുന്തിരിയും കിസ്മിസും ചെറിയും പ്ലമ്മും ഈന്തപ്പഴവുമെല്ലാം ചേർത്ത് പ്ലം കേക്കൊരുക്കിയും നാടൻ വിഭവങ്ങളായ അപ്പം, സ്റ്റൂ, പാലപ്പം, മീൻ മുളകിട്ടത്, മോര് കാച്ചിയത്, ബീഫ് ഉലർത്ത് തുടങ്ങിയവയെല്ലാമുണ്ടാക്കിയും ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടി. യു.എ.ഇ.യിലെ മിക്ക ഹോട്ടലുകളും ആഘോഷങ്ങളുടെ ഭാഗമായി.
ജനനപ്പെരുന്നാൾ ശുശ്രൂഷ
ഷാർജ: ഷാർജയിലെ വിവിധ പള്ളികളിൽ പ്രത്യേക പ്രാർഥനകളോടെ തിരുപ്പിറവിയാഘോഷിച്ചു. ഷാർജ സെയ്ന്റ് മേരീസ് സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളി കാർപ്പോസ് മുഖ്യ കാർമികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ സന്ധ്യാപ്രാർഥന, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നീ ചടങ്ങുകളിൽ പങ്കെടുത്തു. ഇടവക വികാരി ഫാ.എൽദോ അമ്പഴത്തിനാംകുടി ശുശ്രൂഷകൾക്ക് സഹ കാർമികത്വം വഹിച്ചു.
ഇന്ന് ‘നക്ഷത്രരാവ് ’
ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വെള്ളിയാഴ്ച ക്രിസ്മസ് ഗാനാലാപന മത്സരമായ നക്ഷത്രരാവ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇടവകയിലെ പ്രാർഥനാസംഘങ്ങളെ പങ്കെടുപ്പിച്ചാണ് മത്സരം. തുടർന്ന് ആറുമണിക്ക് ഇടവകയിലെ 16 പ്രാർഥനായോഗങ്ങൾ ചേർന്ന് ഇടവകദിനം പാരീഷ് ഹാളിൽ ആഘോഷിക്കും.
റാസൽഖൈമയിലും ആഘോഷം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി റാസൽഖൈമ സെയ്ന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യം നക്ഷത്രരാവ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമുതലാണ് പരിപാടി. കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം, മലയാള ഭാഷാ പരിശീലകൻ മനോജ് കളരിക്കൽ നയിക്കുന്ന മനോജ്ഞം മലയാളം, പൊതുസമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തകൻ സാം ജേക്കബിനെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയുണ്ടാകും. ഫോൺ: 050 4968752
അബുദാബി കെ.എസ്.സി.
അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഒരുക്കിയ വൻ ക്രിസ്മസ് ട്രീയും നക്ഷത്രവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കാരൾ ഗാനാലാപനം, ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഷാബിയ പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി കേക്ക് മുറിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. അബുദാബി കമ്യൂണിറ്റി പോലീസ് പ്രതിനിധി അബ്ദുൾ ജമാൽ, നാടക പ്രവർത്തകരായ നരിപ്പറ്റ രാജു, ടി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. നിർമൽ തോമസ് സ്വാഗതവും ഹാരിസ് സി.എം.പി. നന്ദിയും പറഞ്ഞു.
Content Highlights; christmas celebration in gulf region