ദുബായ്: തെന്നിന്ത്യൻസിനിമയിലെ സൂപ്പർതാരം വിക്രമിന്റെ മകൻ ധ്രുവ് നായകനായ ആദ്യചിത്രം ആദിത്യ വർമ ഈയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രചാരണത്തിനായി ധ്രുവും താരങ്ങളും ദുബായിലെത്തി.
തെലുങ്കിലും ഹിന്ദിയിലും വൻവിജയമായിമാറിയ അർജുൻ റെഡ്ഡി, കബീർസിങ് എന്നീ സിനിമകളുടെ പട്ടികയിലേക്കാണ് ആദിത്യവർമയും ഇടംപിടിക്കുന്നത്. സിനിമ ആദിത്യവർമ എന്ന പേരിൽ തമിഴിൽ എത്തുമ്പോൾ ശ്രദ്ധേയമാകാൻ പ്രധാന കാരണം ധ്രുവിന്റെ സാന്നിധ്യംതന്നെ. മലയാളികളുടേയും ഇഷ്ടതാരമായ വിക്രമിന്റെമകൻ അരങ്ങേറ്റംകുറിക്കുന്ന സിനിമ എന്നതിനാൽ ആദിത്യവർമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദുബായ് മീഡിയാസിറ്റിയിലെ മാതൃഭൂമി ക്ലബ്ബ് എഫ്.എം. സ്റ്റുഡിയോയിലെത്തിയ ധ്രുവിനും സംഘത്തിനും നൃത്തത്തിന്റെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. തുടർന്ന് ആർ.ജെ.മാരോടൊപ്പം താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു. അർജുൻറെഡ്ഡി കണ്ടിട്ടുള്ളതിനാൽ വിജയ് ദേവരകൊണ്ട പ്രചോദനമാണെന്നും എന്നാൽ തന്റേതായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ധ്രുവ് പറഞ്ഞു.
ആദ്യചിത്രത്തിൽ എന്തിനും ഏതിനും കരുത്തായി അച്ഛൻ വിക്രം എപ്പോഴും ഉണ്ടായിരുന്നു. ഷൂട്ടിങ് ലൊക്കേഷൻ മുതൽ ഡബ്ബിങ് സ്റ്റുഡിയോവരെ അദ്ദേഹം കൂടെനിന്നു. ഒരുപാട് കഷ്ടപ്പാടുകൾസഹിച്ച് കരിയർ കെട്ടിപ്പടുത്ത താരമാണ് അദ്ദേഹം. അതിനാൽത്തന്നെ ഒരിക്കലും തളരരുത് എന്ന് തന്നെയാണ് അച്ഛൻ എപ്പോഴും പറയാറുള്ളത്. സിനിമയുടെ പ്രചാരണപരിപാടികളിലും വിക്രം സജീവമായി പങ്കെടുത്തിരുന്നു. തിരക്ക് മൂലമാണ് അദ്ദേഹത്തിന് ദുബായിൽ എത്താൻ കഴിയാതെ പോയതെന്ന് ധ്രുവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് വിക്രമും ധ്രുവും സിനിമയുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു.
ഒക്ടോബർ എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ബനിതാ സന്ദുവാണ് ആദിത്യവർമയിലെ നായിക. വളരെ ആസ്വദിച്ചാണ് ചിത്രംചെയ്തത്. ധ്രുവുമായി നല്ല കെമിസ്ട്രി രൂപപ്പെട്ടത് അഭിനയത്തെ ഏറെ സഹായിച്ചു എന്നും ബനിത പറയുന്നു. മറ്റൊരു പ്രധാനവേഷത്തിൽ ദക്ഷിണേന്ത്യൻസിനിമയിലെ ശ്രദ്ധേയ താരമായ പ്രിയാ ആനന്ദുമുണ്ട്. ഇസ്രയിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയയ്ക്ക് മലയാളം ഇപ്പോഴും ഏറെ പ്രിയപ്പെട്ടതാണ്.
ഗിരീശായ ആണ് ആദിത്യവർമ സംവിധാനം ചെയ്തിരിക്കുന്നത്. രവി കെ. ചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്തരിക്കുന്നു. രാധൻ ആണ് സംഗീതം ഒരുക്കിയത്. ഇ ഫോർ എൻറർടെയ്ൻമെൻറ് ആണ് സിനിമ നിർമിച്ചത്. അർജുൻറെഡ്ഡിയുടെ തമിഴ് റീമേക്കിനൊപ്പം മലയാളം റീമേക്ക് അവകാശവും ഇ ഫോർ എൻറർടെയ്ൻമെൻറ്് സ്വന്തമാക്കിയിട്ടുണ്ട്.