
അബുദാബി: അബുദാബിയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി. ഇതിനായി ഏര്‍പ്പെടുത്തിയ ലൈസന്‍സ് വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ അബുദാബിയില്‍ മദ്യം വാങ്ങാന്‍ നിയമം അനുവദിക്കുന്നുണ്ടായിരുന്നുള്ളു.
വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ പുതിയ തീരുമാനപ്രകാരം സ്വന്തം ഉപയോഗത്തിനായുള്ള മദ്യം വാങ്ങുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇതുപ്രകാരം മദ്യം വാങ്ങാം. ജനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിനടക്കമുണ്ടായിരുന്ന ഇടപാടുകള്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ ചില്ലറ വില്‍പന ശാലകള്‍ക്കും നിര്‍ദേശം അയച്ചതായും വകുപ്പ് വ്യക്തമാക്കി
ലൈസന്‍സ് ഒഴിവാക്കിയെങ്കിലും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മദ്യ വില്‍പന നടത്തുക. ഇതുപ്രകാരം 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ മദ്യം വില്‍ക്കാന്‍ പാടുള്ളു. സ്വന്തം ഉപയോഗത്തിനുള്ളവ മാത്രമേ വാങ്ങാന്‍ അനുമതിയുള്ളു. വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ മദ്യം വാങ്ങുന്നത് ശിക്ഷാര്‍ഹമാണ്. സ്വകാര്യ ഇടങ്ങളിലും നിയമം അനുവദിക്കുന്ന കേന്ദ്രങ്ങളിലും മാത്രമേ മദ്യം ഉപയോഗിക്കാന്‍ പാടുള്ളു.