ഗോൾഡൻ ബുക്ക്സ് ഓഫ് റെക്കോർഡ് അവാർഡ് നേടിയശേഷം ബുർജ് അൽ അറബിൽ നടന്ന പരിപാടിയിൽ സ്വപ്ന
ദുബായ്: ‘ആയിരം ദിവസം, ആയിരം പാട്ട് ’ എന്ന ഉദ്യമത്തിലൂടെ ഗോൾഡൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംനേടി മലയാളി ദുബായിൽ താരമായി. കോട്ടയം സ്വദേശിനിയായ സ്വപ്‌ന എബ്രഹാം (48) ആണ് വലിയ വെല്ലുവിളി വിജയത്തിലെത്തിച്ചത്.
2017 ഏപ്രിൽ എട്ടുമുതൽ 2020 ജനുവരി രണ്ടുവരെയുള്ള 1000 ദിവസംകൊണ്ട് 1000 പാട്ട് രചിക്കുകയും സംഗീതസംവിധാനം നിർവഹിക്കുകയും പാടി റെക്കോഡ് ചെയ്യുകയുമായിരുന്നു സ്വപ്ന. 2013 മുതൽ ദുബായിൽ ഒരു സ്വകാര്യകമ്പനിയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയി ജോലിചെയ്തുവരുകയാണിവർ. 24 വർഷമായി ഗായിക, രചയിതാവ് എന്നീ നിലകളിൽ സംഗീതമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 22-ലേറെ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, കെനിയ, ഇസ്രയേൽ, ഈജിപ്ത്, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ഹോങ്‌കോങ്, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പലഭാഗങ്ങളിലും സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്.
സംഗീതത്തിൽ ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കണം, ഏറ്റവും കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം തയ്യാറാക്കി ഗിന്നസ് ലോക റെക്കോഡ് നേടണം -ഇതൊക്കെയാണ് സ്വപ്നയുടെ അടുത്ത ലക്ഷ്യങ്ങൾ. പരമ്പരാഗത സുവിശേഷഗാനങ്ങൾമുതൽ പോപ്പും റോക്കും വരെ സ്വപ്നയ്ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എം.ബി.എ.യും 2008-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്ന് മാർക്കറ്റിങ്ങിൽ എക്സിക്യുട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ.
Content Highlight: golden book of world records; thousand days, thousand songs; swapna's dream is come true