-
ദുബായ് : വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട ഗ്ലോബൽ ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പുമായി യു.എ.ഇ. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിൽ അന്തരീക്ഷവും വിദേശ നിക്ഷേപ സാധ്യതകളും സുതാര്യമായ നിയമ നടപടികളുമെല്ലാം ജനങ്ങളെ കൂടുതലായി യു.എ.ഇ. നഗരങ്ങളിലേക്ക് അടുപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എളുപ്പത്തിലുള്ള വന്നുപോക്കും മേഖലയിലെ മികച്ചയിടമാക്കി യു.എ.ഇയെ മാറ്റുന്നുണ്ട്. ആരോഗ്യസുരക്ഷാ രംഗങ്ങളിലെ മികവും കോവിഡിനെതിരേ നടത്തിയ പ്രവർത്തനങ്ങളും വാക്സിനേഷൻ നിരക്കും ഈ പ്രവണതയ്ക്ക് കരുത്തുപകരുന്നു.
ഫെബ്രുവരി മൂന്നാം വാരത്തിൽ ദുബായ് റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ നടന്നത് 450 കോടി ദിർഹത്തിലേറെ ഇടപാടുകളാണ്. 2098 ഇടപാടുകൾ ഇക്കാലയളവിൽ നടന്നു. 110 കോടി ദിർഹത്തിന്റെ സ്ഥലക്കച്ചവടം മാത്രം നടന്നു. 252 സ്ഥലങ്ങൾ വിറ്റുപോയി. 247 കോടി ദിർഹത്തിന്റെ കെട്ടിട കച്ചവടവും നടന്നു. വില്ലകളും അപ്പാർട്ടുമെന്റുകളുമടക്കം 1437 എണ്ണമാണ് വിറ്റുപോയത്. പാം ജുമൈറ കേന്ദ്രീകരിച്ചാണ് ഏറ്റവും വലിയ മൂന്ന് ഇടപാടുകൾ നടന്നത്. ആറുകോടി ദിർഹത്തിന്റേതാണത്. ഹദീഖ് ശൈഖ് മുഹമ്മദ് ബിൻ റാഷിദിൽ 3.87 കോടി ദിർഹത്തിന്റെ സ്ഥല ഇടപാടും പാം ജുമൈറയിൽ ആറുകോടിയുടെ ഭൂമി ഇടപാടും നടന്നു.
7150 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് 2021-ൽ അബുദാബിയിൽ നടന്നത്. 14,958 ഇടപാടുകളിലൂടെയാണ് ഇത് നടന്നതെന്ന് മുനിസിപ്പാലിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. നഗര വികസനത്തിന്റെ നവീനാശയങ്ങൾ പരീക്ഷിക്കുന്ന യാസ് ഐലൻഡ് കേന്ദ്രീകരിച്ചാണ് കൂടുതൽ ഇടപാടുകളും. 410 കോടി ദിർഹത്തിന്റെ കച്ചവടം ഈ മേഖലയിൽമാത്രം നടന്നു. 320 കോടി ദിർഹത്തിന്റെ ഇടപാടുകൾ റീം ഐലൻഡിൽ നടന്നു. അബുദാബി നഗരത്തിൽനിന്ന് ഏറ്റവുമടുത്ത റീം കൂടുതൽ ഓഫീസ് സ്ഥാപനങ്ങളുടെയും താമസകേന്ദ്രങ്ങളുടെയും ഇടമായി മാറുകയാണ്. ഒട്ടേറെ പ്രത്യേകതകൾ അവകാശപ്പെടാവുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലുപ്പമേറിയ മാൾ നിർമാണവും ഇവിടെ പൂർത്തിയായിവരുന്നു. നിരവധി സാംസ്കാരിക കെട്ടിട സമുച്ചയങ്ങൾ ഉൾക്കൊള്ളുന്ന സാദിയാത് ഐലൻഡ് കേന്ദ്രീകരിച്ച് 250 കോടി
ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. നഗരവികസനത്തിലെ സുസ്ഥിരമായ കാഴ്ചപ്പാടുകളും സുരക്ഷയുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് മുനിസിപ്പാലിറ്റി റിയൽ എസ്റ്റേറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അദീബ് അലാഫീഫി അറിയിച്ചു. ഏറ്റവുമൊടുവിൽ ഇന്ത്യയും യു.എ.ഇയും തമ്മിലൊപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും കൂടുതൽ നിക്ഷേപസാഹചര്യം ഒരുക്കുന്നതാണ്.