:ഗ്രാറ്റ്വിറ്റിയുടെ കാര്യത്തിലും പുതിയ തൊഴിൽനിയമം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയനിയമത്തിൽ ഗ്രാറ്റ്വിറ്റി കണക്കാക്കുമ്പോൾ തൊഴിലാളി ജോലിചെയ്ത കാലാവധി അനുസരിച്ച് ഗ്രാറ്റ്വിറ്റിയിൽ കുറവ് സംഭവിക്കുമായിരുന്നു.
ഇത് കണക്കാക്കുന്നതിന് ജോലിചെയ്ത കാലാവധി മൂന്നുവർഷം, അഞ്ചു വർഷം, എന്നിങ്ങനെ തരം തിരിച്ചിരുന്നത് പുതിയ നിയമം എടുത്തുകളയുകയും ഒരു വർഷത്തിൽ കൂടുതൽ ജോലി ചെയ്ത എല്ലാ തൊഴിലാളികൾക്കും മുഴുവൻ ഗ്രാറ്റ്വിറ്റിയും നൽകണമെന്നും പറയുന്നു. ഇതുപ്രകാരം ഒരു തൊഴിലാളിയുടെ ഗ്രാറ്റ്വിറ്റി കണക്കാക്കുമ്പോൾ അഞ്ചുവർഷത്തിൽ കുറവ് ജോലിചെയ്ത തൊഴിലാളികൾക്ക് ഒരുവർഷത്തിൽ 21 ദിവസത്തെ ശമ്പളവും അഞ്ചുവർഷത്തിനുശേഷം ഇത് 30 ദിവസത്തെ ശമ്പളംതന്നെയായി തുടരും. ഈ ഗ്രാറ്റ്വിറ്റി ടെർമിനേഷനുശേഷം 14 ദിവസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കു 5000 മുതൽ 100000 വരെയുള്ള പിഴ ഏർപ്പെടുത്തുമെന്നുമാണ് പുതിയ നിയമം അനുശാസിക്കുന്നത്
പാർടൈം ജോലികൾക്ക് ഒട്ടേറെ അവസരങ്ങളും അവധികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പുതിയ തൊഴിൽനിയമം മുന്നോട്ടുവെക്കുന്നുണ്ട്. പാർടൈം ജോലിക്കാരുടെ വാർഷിക അവധിദിനങ്ങളും ഗ്രാറ്റ്വിറ്റിയും കണക്കാക്കുന്നത് ആകെ ജോലിസമയം മണിക്കൂർ അനുസരിച്ച് ദിവസങ്ങളായി കണക്കാക്കണമെന്നും അത് ഒരു ദിവസത്തിൽ എട്ടുമണിക്കൂർ ജോലിസമയം മാത്രമുള്ള അളവുകോൽ വെച്ചാകണമെന്നും വ്യക്തമായും നിയമം പറയുന്നുണ്ട്.
12 തരത്തിലുള്ളവർക്ക് പെർമിറ്റുകളും പുതിയ തൊഴിൽ നിയമത്തിന്റെ സംഭാവനയാണ്. ചെറിയപ്രായക്കാർക്ക് പെർമിറ്റ് ഉൾപ്പെടെ, വിദ്യാർഥികൾക്കും ആശ്രിതവിസയിലുള്ളവർക്കും മറ്റുമുള്ളവർക്കുള്ള പെർമിറ്റുകളും ഇതിൽ ഉൾപ്പെടും.
തൊഴിലിടങ്ങളിലെ ഭീഷണിപ്പെടുത്തലിനെതിരേയും ലൈംഗിക അതിക്രമങ്ങൾക്കെതിരേയും വ്യക്തമായ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ തൊഴിൽനിയമം നടപ്പിൽവരുത്തിയിട്ടുള്ളത്. ഭീഷണിപ്പെടുത്തിയോ ബലം ഉപയോഗിച്ചോ തൊഴിലാളിയെ ജോലിചെയ്യാൻ നിർബന്ധിക്കുകയോ പാടില്ലെന്നും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിക്കാൻ പാടില്ലെന്നും പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രസവാവധി 45 ദിവസത്തിൽ നിന്നും 60 ദിവസമാക്കി ഉയർത്തിയതും പുതിയ നിയമത്തിലെ ഏറെ ശ്രദ്ധേയമായ ഒരു മാറ്റമാണ്.
ഭർത്താവോ ഭാര്യയോ മരണപ്പെട്ട തൊഴിലാളിക്ക് അഞ്ചുദിവസത്തെയും അച്ഛനമ്മമാരോ കുട്ടികളോ സഹോദരീസഹോദരന്മാരോ മരിച്ച തൊഴിലാളികൾക്കു മൂന്നു ദിവസത്തെയും ശമ്പളത്തോടെയുള്ള അവധിയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (അവസാനിച്ചു).