
ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സഫാരി പാർക്ക് സന്ദർശിച്ചപ്പോൾ
ഷാർജ : ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവുംവലിയ സഫാരിപാർക്ക് ഷാർജയിൽ തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പാർക്ക് ഉദ്ഘാടനം ചെയ്തു. അൽ ദൈദിന് സമീപം എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പാർക്ക് 120 ഇനം ആഫ്രിക്കൻ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കൻ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനസമയം. 40 ദിർഹം മുതൽ 275 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.
നിലവിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന പാർക്ക് വിപുലീകരിച്ചാണ് ഷാർജ സഫാരിപാർക്ക് ആയി മാറിയത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ട്. ഇക്കോ ടൂറിസം, സാംസ്കാരിക പൈതൃകം, ചരിത്രസ്ഥലങ്ങൾ, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാർക്കിന്റെയും വികസനം. രാജ്യത്തെ ടൂറിസംമേഖലയിൽ വലിയചലനം സൃഷ്ടിക്കാൻ സഫാരിപാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കൻ വന്യജീവികളെ ആഫ്രിക്കയിൽ പോകാതെതന്നെ കാണാനുള്ള സുവർണാവസരമാണിത്.