അജ്മാൻ : സ്കൂൾ ബസ്സപകടത്തിൽ 12 വയസ്സുകാരി മരിച്ച സംഭവത്തെതുടർന്ന് ബസുകളിൽ കൂടുതൽ പരിശീലനം നേടിയ ജീവനക്കാർ വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. സ്കൂൾ ബസുകളിൽ ഡ്രൈവർക്ക് പുറമേ കുട്ടികളുടെ സഹായത്തിനായി സൂപ്പർവൈസർമാർ വേണമെന്നതാണ് ചട്ടം. അജ്മാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കുട്ടിയുടെ മേൽ ബസ്സിടിച്ചത്. അന്വേഷണത്തിൽ ബസിൽ സൂപ്പർവൈസർ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ ബസുകളിൽ ഇത്തരം അപകടങ്ങൾ വളരെ അപൂർവമാണ്. കുട്ടികൾ വീടുകളിലെത്താൻ വൈകിയാലും മറ്റും രക്ഷിതാക്കൾ വിളിക്കുന്നത് ബസ് സൂപ്പർവൈസർമാരെയാണ്. അതുകൊണ്ടുതന്നെ സൂപ്പർവൈസർമാരുടെ പങ്ക് നിർണായകമാണ്. അത് സ്കൂളിന്റെ ഉത്തരവാദിത്വമാണെന്നും രക്ഷിതാക്കൾ ഓർമിപ്പിക്കുന്നു. മുൻകാലങ്ങളിൽ കുട്ടികൾ ബസിൽ ഉറങ്ങിപ്പോയി മരണപ്പെട്ട സംഭവങ്ങളും ഓർമിപ്പിച്ചുകൊണ്ടായിരുന്നു രക്ഷിതാക്കളുടെ നിർദേശം.