മനോഹരം... റാക്കിലെ കോട്ടയും താഴ്‌വാരവും


ദയാ കോട്ടയിൽനിന്നുള്ള താഴ്‌വാരക്കാഴ്ചകൾ

റാസൽഖൈമ : ഒരുകാലത്ത് മനുഷ്യർ ഒറ്റയ്ക്കും കുടുംബമായും ജീവിച്ചിരുന്നതിന്റെ അടയാളപ്പെടുത്തലാണ് റാസൽഖൈമയിലെ അൽ ദയാ കോട്ടയുടെ താഴ്‌വാരം. പ്രാചീന അറബ് ഗോത്രം ജീവിച്ചതിന്റെ ഒട്ടേറെ ശേഷിപ്പുകൾ താഴ്‌വരയിൽ കാണാം. ചരിത്രവും പ്രാചീന അറബ് സംസ്കാരവും അറിയാനായി ഇവിടേക്ക് ധാരാളം വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. താഴ്‌വാരത്തിൽനിന്ന് 750-ഓളം പടികൾ കയറിയാൽ മുകളിൽ പ്രാചീന കോട്ടയിലെത്താം. യുദ്ധങ്ങളും കൈയേറ്റങ്ങളും തടയാനും സംരക്ഷണമൊരുക്കാനും പ്രാചീന അറബ് വംശം കെട്ടിയ കോട്ടയാണിത്. 1819-ൽ ബ്രിട്ടീഷ് കടന്നാക്രമണത്തെ റാസൽഖൈമയിലെ അറബ് ഗോത്രം പ്രതിരോധിക്കാൻ കൂടിയായിരുന്നു അൽ ദയാ കോട്ട നിർമിച്ചത്. റാക്ക് മേഖലയുടെ ഭരണം നടത്തിയിരുന്ന അൽ ഖ്വാസിം കുടുംബമായിരുന്നു പണി കഴിപ്പിച്ചത്. 3000 വർഷത്തെ അറബ് ഗോത്രത്തിന്റെ ജീവിതത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് കോട്ടയും ചുറ്റുപാടും.

നനുത്ത ഇഷ്ടികകൊണ്ടാണ് കോട്ടയുടെ ചുമര് നിർമിച്ചത്. ചൂടും തണുപ്പും ഒരേപോലെ ആഗിരണം ചെയ്യാൻ സാധിക്കുന്ന നിർമാണ രീതിയാണ് അവലംബിച്ചത്. കോട്ടയിൽനിന്ന് കണ്ണെത്താ ദൂരേക്ക് നോക്കി പ്രകൃതിയുടെ സൗന്ദര്യമാസ്വദിക്കാനും സന്ദർശകർക്ക് സൗകര്യമുണ്ട്. 2001-ൽ മിനുക്കുപണികൾ നടത്തിയിട്ടുള്ള കോട്ട ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്. തനതായ പ്രകൃതി സൗന്ദര്യത്തോടൊപ്പം പരമ്പരാഗത ഈന്തപ്പനകളും ഇവിടങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. മനുഷ്യവാസത്തിന് ഇണങ്ങുന്ന ഭൂപ്രകൃതിയും പരിസ്ഥിതി ലോല പ്രദേശവുമാണ് കോട്ടയുടെ താഴെയുള്ളത്.

ചെങ്കുത്തായ മലയുടെ അടിവാരത്ത് ചൂടും തണുപ്പും ഒരേപോലെ അനുഭവപ്പെടുന്നു. ഏതു കാലാവസ്ഥയിലും ജീവിക്കാൻ സാധിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥയാണ് റാസൽഖൈമ അൽ ദയാ കോട്ടയുടെ ചുറ്റുമുള്ള മലയും പച്ചപ്പുള്ള ഇടങ്ങളും പ്രദാനം ചെയ്യുന്നത്. യു.എ.ഇ.യിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ഇടംകൂടിയാണ് അൽ ദയാ കോട്ടയും പരിസരങ്ങളും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section