ദുബായ് : ഇന്ത്യയിൽനിന്ന് മുട്ടയും മറ്റ് പൗൾട്രി ഉത്പന്നങ്ങളും ഇറക്കുമതിചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ. പിൻവലിച്ചു.
അഞ്ചുവർഷത്തിനുശേഷമാണ് യു.എ.ഇ. ഇന്ത്യയുടെ വിലക്ക് പിൻവലിച്ചത്. പക്ഷിപ്പനി പകരുന്നത് തടയാൻ വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത് നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഇന്ത്യ യു.എ.ഇ.യ്ക്ക് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ്, വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.
അഞ്ചുദിവസംകൊണ്ട് ഇന്ത്യയിൽനിന്ന് മുട്ട യു.എ.ഇ.യിൽ എത്തിക്കാൻ കഴിയും. എന്നാൽ, മറ്റുരാജ്യങ്ങളിൽനിന്ന് മുട്ട എത്തിക്കാൻ 10 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്നുണ്ട്.
അതേസമയം, നിരോധനം പിൻവലിച്ചതിനുപിന്നാലെ ലുലു തമിഴ്നാട്ടിൽനിന്ന് നാല് കണ്ടെയ്നർ മുട്ട യു.എ.ഇ.യിൽ എത്തിച്ചതായി ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.