പുതിയ തൊഴിൽനിയമങ്ങൾ-അറിഞ്ഞിരിക്കേണ്ടത്


ഫെബ്രുവരി രണ്ടുമുതലാണ് ഫെഡറൽ ഉത്തരവ് നമ്പർ 33/ 2021 പ്രകാരം തൊഴിൽനിയമങ്ങളിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഈ ഉത്തരവുപ്രകാരം നിരവധിമാറ്റങ്ങളാണ് യു.എ.ഇയിലെ തൊഴിൽമേഖലയിൽ ഉണ്ടായിട്ടുള്ളത്. ഈ മാറ്റങ്ങൾ തങ്ങളുടെ തൊഴിലിടങ്ങളിൽ പ്രാബല്യത്തിൽവരുത്താൻ തൊഴിലുടമയ്ക്ക് 2023 ഫെബ്രുവരിവരെ സാവകാശം എടുക്കാമെന്നും ഉത്തരവിൽപറയുന്നുണ്ട്. ഈ തൊഴിൽ നിയമങ്ങളെക്കുറിച്ചും അതിന്റെ പ്രായോഗികവശങ്ങളെക്കുറിച്ചും കൂടുതൽ നിർദേശങ്ങൾ തൊഴിൽ മന്ത്രാലായം പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്.

തൊഴിൽനിയമത്തിലെ മാറ്റങ്ങൾ

നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന അൺലിമിറ്റഡ് തൊഴിൽ കരാർ മുഴുവനായും എടുത്തുകളഞ്ഞ് പരമാവധി മൂന്നുവർഷത്തേക്കുള്ള ലിമിറ്റഡ് തൊഴിൽകരാർ നടപ്പിൽ വരുത്തിയതാണ് പുതിയ തൊഴിൽ നിയമത്തിൽ പ്രധാനമായും ഉണ്ടായിട്ടുള്ളമാറ്റം. തൊഴിലുടമയും തൊഴിലാളിയും ഉഭയസമ്മതപ്രകാരം വേണമെങ്കിൽ മൂന്നുവർഷത്തിൽ കുറവുള്ളരീതിയിലും കരാർ ആകാമെന്നതും തൊഴിലിടങ്ങളിലെ ചൂഷണങ്ങളിൽ അയവുവരുത്തും എന്നാണ് കരുതപ്പെടുന്നത്. പഴയ അൺലിമിറ്റഡ് തൊഴിൽകരാറുകൾ മാറ്റി പുതിയകരാറുകൾ നടപ്പാക്കാൻ തൊഴിലുടമയ്ക്ക് ഒരുവർഷംവരെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ നിലവിൽ അൺലിമിറ്റഡ് തൊഴിൽ കരാറുകളിൽ ഏർപ്പെട്ടവർക്കും പുതിയനിയമം ബാധകമാകും. അതുകൊണ്ടുതന്നെ അഞ്ചുവർഷത്തിൽ കുറവ് ജോലി ചെയ്തവർക്ക് മുപ്പതുദിവസവും അഞ്ചു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർക്ക് അറുപതുദിവസവും പത്തു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർക്ക് തൊണ്ണൂറു ദിവസമായും നോട്ടീസ് കാലാവധി നിജപ്പെടുത്തിയിട്ടുണ്ട്.

പുതിയനിയമത്തിൽ പ്രൊബേഷൻ പീരിയഡ് പരമാവധി ആറുമാസം തന്നെയാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാലും ഈ കാലഘട്ടത്തിൽ പിരിഞ്ഞു പോകേണ്ടവർക്ക്‌ ഒരു നോട്ടീസ് പീരീഡ് നടപ്പാക്കിയത് തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഏറെ ഗുണപ്രദമാണ് എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പ്രവാസികളും. പ്രൊബേഷൻ കാലാവധിക്കുള്ളിൽ പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് രാജ്യത്തിനകത്ത് തന്നെ പുതിയൊരു തൊഴിലിൽ ചേരാൻ ആണെങ്കിൽ മുപ്പതു ദിവസത്തെ നോട്ടീസാണ് നൽകേണ്ടത്. ഈ അവസരത്തിൽ പുതിയ തൊഴിലുടമ പഴയ തൊഴിലുടമയ്ക്ക് തൊഴിലാളിക്ക് നിയമനത്തിനുവേണ്ടി ചെലവായ നഷ്ടപരിഹാരം നല്കണം എന്നും ഉണ്ട്. എന്നാൽ തൊഴിലാളി യു.എ.ഇയിൽനിന്ന്‌ പുറത്തുപോകാൻ വേണ്ടിയാണ് പരിശീലന കാലയളവിൽ ആഗ്രഹിക്കുന്നത് എങ്കിൽ നോട്ടീസ് പീരീഡ് പതിനാലുദിവസം മാത്രം ആയിരിക്കും. ഇങ്ങനെയുള്ള തൊഴിലാളികൾ മൂന്ന് മാസത്തിനുള്ളിൽ വീണ്ടും ജോലിക്കായി യു.എ.ഇയിൽ തിരിച്ചുവന്നാലും പുതിയ തൊഴിലുടമ പഴയ തൊഴിലുടമക്ക് തൊഴിലാളിക്ക് നിയമനത്തിന് വേണ്ടി ചെലവായ നഷ്ടപരിഹാരം നല്കണം. ഇതിനു വിഘാതമായി പ്രവർത്തിക്കുന്നവർക്ക് ജോലി നിരോധനമടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും പുതിയ തൊഴിൽനിയമം പറയുന്നു. (തുടരും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section