
പച്ചപ്പിനുനടുവിലെ മ്യൂസിയം ഓഫ് ഫ്യൂച്ചർ
ദുബായ് : നിർമിതിയിലെ വ്യത്യസ്തതകൊണ്ട് ലോകശ്രദ്ധയാകർഷിച്ച രാജ്യത്തെ ഏറ്റവുംപുതിയ വിനോദസഞ്ചാര ആകർഷണമായ ‘മ്യൂസിയം ഓഫ് ഫ്യൂച്ചർ’ നൂറോളം ചെടികളുടെയും മ്യൂസിയമാകും. ഫെബ്രുവരി 22-ന് തുറക്കുന്ന കേന്ദ്രത്തിനുചുറ്റിലും ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള പൂച്ചെടികളും വള്ളിപ്പടർപ്പുകളുമാണ് ഉള്ളത്. യു.എ.ഇ.യുടെ പൈതൃകത്തിന്റെ ഭാഗമായ ഗാഫ് മരങ്ങളും പനയും അക്കേഷ്യയുമടക്കമുള്ള മരങ്ങളും പൂച്ചെടികളും മറ്റുചെടികളുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്. മരുഭൂമിയിലെ കാലാവസ്ഥയിലും തഴച്ചുവളരുംവിധത്തിലുള്ള ചെടികളാണ് ഇവിടെയുള്ളതിലേറെയും.
നൂതനസാങ്കേതികതയിൽ സമഗ്രമായ ജലസേചന സംവിധാനവും ഇതോടുചേർന്ന് സജ്ജമാക്കിയിട്ടുണ്ട്. വേനൽക്കാലത്തെ 50 ഡിഗ്രി സെൽഷ്യസിലും ചെടികൾക്ക് പരിചരണമേകാൻ തക്കസംവിധാനങ്ങൾ ഇതിലുൾക്കൊള്ളും. വെള്ളത്തിന്റെ ഉപഭോഗം 25 ശതമാനം കുറച്ചുകൊണ്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പുനരുപയോഗരീതിയാണ് ഇവിടെ അവലംബിക്കുന്നത്.
മനുഷ്യരാശിയുടെ ഭാവിജീവിതം എങ്ങനെയായിരിക്കും എന്നതിലേക്ക് വെളിച്ചംവീശുന്നതിനുമായി സന്ദർശകരെ 2071-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യവിസ്മയമാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. ലോകമെമ്പാടുമുള്ള ചിന്തകരെയും വിദഗ്ധരെയും ബന്ധിപ്പിച്ചുകൊണ്ട് യു.എ.ഇ.യിൽനിന്നും ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നൂതന ചിന്താധാരകൾ ഒരുക്കുന്നതിനായി ‘ജീവനുള്ള മ്യൂസിയം’ എന്ന രീതിയിലാണ് രൂപകല്പന.
ഭാവിതലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ ഭൂമിയിലെ ഏറ്റവുംമനോഹരമായ കെട്ടിടം എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചത്. ഭൂമിയിൽനിന്ന് 77 മീറ്റർ ഉയരത്തിൽ, റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചും സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിയും നിർമിച്ച ഒരു വാസ്തുവിദ്യാവിസ്മയമാണിത്.