നഗരഹൃദയത്തിൽ കൂറ്റൻ ചുവർചിത്രം


ദുബായ് അൽ വാസൽ റോഡിലെ കൂറ്റൻ ചുവർചിത്രം

ദുബായ് : കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രവും വാക്യവും ദുബായുടെ പുരോഗതിയും വിവരിക്കുന്ന കൂറ്റർ ചുവർചിത്രം ദുബായിയുടെ ഹൃദയഭാഗത്ത് ഉയർന്നത് കൗതുകമായി. അൽ വാസൽ റോഡിലാണ് 18 മീറ്റർ ഉയരവും 32 മീറ്റർ വീതിയുമുള്ള ഈ കലാസൃഷ്ടി സ്ഥാപിച്ചിരിക്കുന്നത്.

ശൈഖ് ഹംദാൻ വിമാനത്തിന്റെ ജാലകത്തിലൂടെ ദുബായ് നഗരത്തിലെ വിസ്മയങ്ങളായ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, എമിറേറ്റ് ടവേഴ്‌സ്, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബായ് ഫ്രെയിം എന്നിവ നോക്കിക്കാണുന്നതാണ് ചിത്രം. കഴിഞ്ഞ കുറേ വർഷങ്ങളായി ദുബായ് കൈവരിച്ച പുരോഗതിയാണ് ഈ ഭീമൻ ചിത്രത്തിലൂടെ വിവരിക്കുന്നത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിലൂടെ മാത്രമാണ് ദുബായിയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ സാധ്യമായതെന്ന് ശൈഖ് ഹംദാൻ ഈ ചുമർചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് സർക്കാർ മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ്, ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എന്നിവർ ദുബായ് സ്ട്രീറ്റ് മ്യൂസിയത്തിന്റെ എട്ടാംപതിപ്പിന്റെ ഭാഗമായാണ് ഈ കലാസൃഷ്ടി നിർമിച്ചത്. ദുബായിയുടെ കലാവൈഭവം ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി 2016-ലാണ് പൊതുകലാസൃഷ്ടികൾ നഗരത്തിൽ സ്ഥാപിച്ച് ശൈഖ് മുഹമ്മദ് ദുബായ് സ്ട്രീറ്റ് മ്യൂസിയത്തിന് തുടക്കമിടുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section