
ഡ്രൈവറില്ലാ വാഹനം
ദുബായ് : ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ഇന്നൊവേഷൻ സെന്റർ സന്ദർശകർക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ (സ്മാർട്ട് നൂതന ഓട്ടോണമസ് ബസുകൾ) സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം നൽകുന്നു. ഇന്നൊവേഷൻ സെന്ററിലും സോളാർ പാർക്കിലെ ഇന്നൊവേഷൻ ട്രാക്കിലുമാണ് ബസ് സന്ദർശകരെ കൊണ്ടുപോവുക.
ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐ.പി.പി.) മോഡൽ ഉപയോഗിച്ചുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്കാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്.
സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം, വ്യക്തികളെ സൗരോർജത്തിൽ ബോധവത്കരിക്കൽ, വിവിധ പ്രദർശനവും വിദ്യാഭ്യാസ ടൂറുകളുമൊരുക്കി ശുദ്ധോർജമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
5000 മെഗാവാട്ട് ശുദ്ധ വൈദ്യുതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമാണം. പദ്ധതിയുടെ ആകെ ചെലവ് 50 ബില്യൻ ദിർഹമാണ്. ലോകത്തുതന്നെ സൗരോർജ പദ്ധതിക്കുവേണ്ടിയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് പദ്ധതിയിലൂടെ 2,70,000 വീടുകൾക്ക് വൈദ്യുതി ലഭിക്കും.