ആറാട്ടോടെ സിനിമാതിയേറ്ററുകൾ തുറന്നു


തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ അബ്ദുൽ റഹ്മാൻ, ഫൈസൽ എറണാകുളം, രാജൻ വർക്കല, സുബൈർ, അക്ബർ, അമർ തുടങ്ങിയവർ

ഷാർജ : നാൽപ്പത് വർഷത്തിന്റെ ചരിത്രമുറങ്ങുന്ന ഷാർജ അൽ ഹംറ സിനിമാതിയേറ്റർ വെള്ളിയാഴ്ചമുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കോവിഡ് ഉണ്ടാക്കിയ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിയേറ്റർ കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത്. യു.എ.ഇ.യിലെ തിയേറ്ററുകളിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി മുഴുവൻ ശേഷിയിലും പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്തനിവാരണസമിതി അനുമതി നൽകിയത്.

നിയന്ത്രണങ്ങൾ നീങ്ങിയതോടെ തിയേറ്ററുകളിലേക്ക് വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. നവീകരിച്ച അൽ ഹംറ തിയേറ്റർ മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് വീണ്ടും പ്രവർത്തനമാരംഭിക്കുന്നതെന്ന് ഉടമ അബ്ദുൽ റഹ്മാൻ പറഞ്ഞു. 600 സാധാരണ സീറ്റുകളും ബാൽക്കണിയിൽ 240 സീറ്റുകളുമാണ് ഇവിടെയുള്ളത്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി, വൈകീട്ട് നാല്, ഏഴ്, രാത്രി 10 എന്നിങ്ങനെ നാലു ഷോകളും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ അർദ്ധരാത്രി 01.30 വരെ ആറ്് ഷോകളുമുണ്ടാകും. നേരിട്ടും ഫോണിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

യു.എ.ഇ.യിലെ തിയേറ്ററുകളിൽ ഭൂരിഭാഗവും മൾട്ടിപ്ലക്‌സിലേക്ക്‌ കൂടുമാറിക്കഴിഞ്ഞു. എന്നിട്ടും സാധാരണ തിയേറ്ററായി നിലനിൽക്കുന്ന അൽ ഹംറ സിനിമ നാട്ടിലെ തിയേറ്ററുകളുടെ ഗൃഹാതുരത്വം സമ്മാനിക്കും. കോവിഡ് ഇടവേളയ്ക്കുശേഷം കൂടുതൽ നവീകരിച്ചാണ് തിയേറ്റർ തുറക്കുന്നതെന്ന് സ്റ്റാർ ഗലേറിയ സിനിമ എം.ഡി. ഫൈസൽ എറണാകുളം, സ്റ്റാർ ഹോളിഡേ സിനിമാ ഓപ്പറേഷനൽ മേധാവി രാജൻ വർക്കല, ജൂബി കുരുവിള, അൽ ഹംറ തിയേറ്റർ ഓപറേറ്റർ സുബൈർ, അക്ബർ, അമർ എന്നിവർ പറഞ്ഞു.

പ്രവാസികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ധാരാളം സവിശേഷതകളുള്ള നാടാണ് യു.എ.ഇ. ചായക്കടകളും ക്ഷേത്രവും ഉത്സവവും എല്ലാമായി നാടിനെ ഓർമിപ്പിക്കുന്ന വിശേഷങ്ങളെല്ലാമുള്ള നാടാണിത്. കോവിഡ് കാലം ചെറിയൊരു അടച്ചിടൽ വേണ്ടിവന്നുവെങ്കിലും ഇപ്പോൾ ജനജീവിതം പൂർവാധികം ശക്തിയോടെ സാധാരണനിലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഉത്സവങ്ങൾ കൊടിയേറി, ചായക്കടകളിൽ പതിവ് തിരക്ക് തുടങ്ങി, കൂടിച്ചേരലുകളും സാമൂഹ്യപ്രവർത്തനങ്ങളുമെല്ലാം സാധാരണ കാഴ്ചയായിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളെല്ലാം ഘട്ടംഘട്ടമായി എടുത്തുമാറ്റുകയാണ് രാജ്യം. കായികപ്രവർത്തനങ്ങൾക്ക് സ്റ്റേഡിയങ്ങൾ മുഴുവൻ ശേഷിയോടെയും പ്രവർത്തിക്കാൻ തുറന്നുകൊടുത്തു. ഷോപ്പിങ് മാളുകളിലേക്കും വിവിധ പരിപാടികളിലും ആളുകൾക്ക് പങ്കെടുക്കാം. മുഖാവരണം ധരിക്കണം എന്നതുമാത്രമാണ് കോവിഡിൽ ഇപ്പോഴുള്ള ശക്തമായ നിയന്ത്രണങ്ങളിലൊന്ന്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

More from this section