
ഇത്തിഹാദ് റെയിൽ
ദുബായ് : 2024 അവസാനത്തോടെ യു.എ.ഇ. ഒട്ടാകെ യാത്രാ ട്രെയിൻ ഓടിത്തുടങ്ങും. യു.എ.ഇയുടെ സ്വപ്നപദ്ധതി ഇത്തിഹാദ് റെയിലിന്റെ പരീക്ഷണ ട്രെയിൻ ഓടുന്നതിനൊപ്പം വിപുലീകരണ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ വീഡിയോ അധികൃതർ പുറത്തുവിട്ടു.
ഭാരമേറിയ ചരക്ക് സേവനങ്ങൾ നടത്തുന്നതിൽനിന്ന് വിഭിന്നമായി യാത്രക്കാരെ കൊണ്ടുപോകുന്നതിലേക്ക് റെയിൽശൃംഖല കൂടുതൽ വിപുലീകരിക്കുകയാണ്. അബുദാബി റോഡുകളിലെ പാലങ്ങൾ പൂർത്തീകരിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളാണ് അധികൃതർ പുതിയ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഷാ, ഹബ്ഷാൻ മുതൽ റുവൈസ് വരെയുള്ള 264 കിലോമീറ്റർ റൂട്ടിലെ റെയിൽവേ ട്രാക്കിന്റെ വിപുലീകരണ പ്രവർത്തനങ്ങളാണിത്.
നിലവിലെ വിപുലീകരണത്തിൽ പടിഞ്ഞാറൻ മേഖലയിലെ താരിഫിനെ അബുദാബി നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള സൈഹ് ഷുഐബുമായി ബന്ധിപ്പിക്കുന്ന 216 റെയിൽപ്പാതയും ഉൾപ്പെടുന്നുണ്ട്. അബുദാബി വ്യവസായ മേഖല, ഖലീഫ തുറമുഖം, ഖലീഫ വ്യവസായ മേഖല എന്നിവിടങ്ങളിലെ നിർമാണപ്രവർത്തനങ്ങൾക്ക് വിപുലീകരണം സഹായകമാകുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. അബുദാബിയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റും ഫുജൈറയിലേക്ക് 100 മിനിറ്റുമായിരിക്കും യാത്രാദൈർഘ്യം. 2016-ൽ റെയിലിന്റെ ആദ്യഘട്ടം പൂർത്തിയാക്കി അബുദാബിയിലെ ചില നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം തുടങ്ങിയിരുന്നു.
2030-ൽ 3.65 കോടി ആളുകൾ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ 9000 പേർക്ക് തൊഴിലും ലഭ്യമാകും.