ലോക കേരളസഭ എന്ത്, എന്തിന്?


പിണറായി വിജയൻ (കേരള മുഖ്യമന്ത്രി)

1 min read
Read later
Print
Share

കേന്ദ്രസര്‍ക്കാറും പ്രവാസത്തിന് പ്രാധാന്യമുള്ള മറ്റുസംസ്ഥാനങ്ങളും അനുകരിക്കുമെന്നും ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഉറപ്പിച്ചുപറയാവുന്ന മറ്റൊരു മുന്‍കൈയാണ് ലോകകേരളസഭ

സംസ്ഥാനസര്‍ക്കാര്‍ ലോകകേരളസഭയ്ക്ക് രൂപംനല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കയാണ്. കേന്ദ്രസര്‍ക്കാറും പ്രവാസത്തിന് പ്രാധാന്യമുള്ള മറ്റുസംസ്ഥാനങ്ങളും അനുകരിക്കുമെന്നും ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഉറപ്പിച്ചുപറയാവുന്ന മറ്റൊരു മുന്‍കൈയാണ് ലോകകേരളസഭ.

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോകകേരളസഭ രൂപവത്കരിക്കാന്‍ പ്രേരണനല്‍കുന്നത്.

കേരളം അക്ഷരാര്‍ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു. ഇതുപറയുമ്പോഴും വിവിധരാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ് കേരളത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിനുള്ള ഒരു സംവിധാനവും ഇന്ന് നിലവിലില്ല. ഈ അഭാവം പരിഹരിക്കുകയെന്നതാണ് ലോകകേരളസഭയുടെ പരമമായ ലക്ഷ്യം.

ലോകകേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോകകേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ കേരളീയപ്രവാസികളെ പ്രതിനിധീകരിച്ച് 178 അംഗങ്ങളെ കേരളസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും.

ഇപ്രകാരം നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളില്‍ 42 പേര്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നും 100 പേര്‍ പുറംരാജ്യങ്ങളില്‍നിന്നും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍നിന്നും 30 പേര്‍ വിവിധ വിഷയമേഖലകളില്‍നിന്നുള്ള പ്രമുഖവ്യക്തികളുമായിരിക്കും. ലോകകേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധിതീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗംചേരും.

ലോകത്തിന്റെ നാനാഭാഗത്തും അതായത്, കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന കേരളീയരുടെ പൊതുവേദി എന്ന നിലയിലാണ് ലോകകേരളസഭയെ വിഭാവനംചെയ്യുന്നത്.

ലോകകേരളസഭയുടെ പ്രഥമസമ്മേളനത്തിന്റെ ആഹ്വാനം ബൃഹദ്കേരളം ഒന്നടങ്കം അതായത്, അകംകേരളവും പുറംകേരളവും ഒരുപോലെ ഏറ്റെടുക്കും. ഒന്നാംസമ്മേളനം അംഗീകരിക്കുന്ന മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടേറിയറ്റും കേരള സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഒന്നാം സമ്മേളനത്തെത്തുടര്‍ന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram