റിയാദ്: സൗദി അറേബ്യന്‍ ദേശീയ വിമാന കമ്പനി സൗദിയ പൈലറ്റുമാരായ 60 പേരെ അന്താരാഷ്ട്ര ഏജന്‍സികള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. സൗദി എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന ഒരാളെയും ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് സൗദി എയര്‍ലൈന്‍സ് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഥാമിര്‍ ബിന്‍ സ്വാലിഹ് അല്‍ ഖുവൈത്തിര്‍ പറഞ്ഞു. വിലക്കുളള വൈമാനികരുടെ പേരു വിവരം ഉള്‍പ്പെടുത്തിയ സ്ഥിരം പട്ടിക ഇല്ലെന്ന് സൗദി എയര്‍ലൈന്‍സ് വക്താവ് എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ ത്വയ്യിബും വ്യക്തമാക്കി. ചട്ടങ്ങള്‍ക്കനുസരിച്ച് പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. എല്ലാ എയര്‍ലൈനുകളും ഇത്തരം നടപടി സ്വീകരിക്കും. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് യഥാസമയം പരിഹാരം കാണുകയാണെ് പതിവെന്നും അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞ പൈലറ്റ് ലൈസന്‍സ് ഉളളവരെയാണ് വിലക്കിയതെന്നും ചില രാജ്യങ്ങളില്‍ വിമാനം പറത്താന്‍ അനുവദിക്കാത്തതില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു. വിലക്കുളള പൈലറ്റുമാരെ ചില രാജ്യങ്ങള്‍ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണത്തിന് ശേഷം വിട്ടയക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങളില്‍ ഉള്‍പ്പെട്ട ഒരാളുപോലും സൗദി എയര്‍ലൈന്‍സിലില്ല. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദിയ വ്യക്തമാക്കി.