സൗദി അറേബ്യയിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ ഈ മേഖലയില്‍ ബിനാമി ബിസിനസ് നടത്തുന്നുണ്ട്. ഈ സാഹചര്യം നേരിടുന്നതിന് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപന ഉടമകളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ തൊഴില്‍ മന്ത്രാലയം ശില്‍പശാല നടത്തുന്നുണ്ട്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ശില്‍പശാലയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ശാഫി പറഞ്ഞു. ആഭ്യന്തരം, നഗരസഭ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും ഗതാഗത അതോറിറ്റി ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.
റെന്റ് എ കാര്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കും. തൊഴില്‍ സമയം, തൊഴില്‍ കരാര്‍, പാര്‍ട് ടൈം അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് റെന്റ് കാര്‍ സ്ഥാപനങ്ങളില്‍ ജോലി എന്നിവയും ശില്‍പശാല ചര്‍ച്ച ചെയ്യും. റെന്റ് എ കാര്‍ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍, ബിനാമി റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ശില്‍പശാലയില്‍ വിശകലനം ചെയ്യുന്നുണ്ട്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നേതാടെ സ്വദേശികള്‍ക്കിടയില്‍ തൊഴില്ലായ്മ നിരക്ക് കുറയ്ക്കാനും വിദേശികളുടെ ആധിപത്യം ഇല്ലാതാക്കാനും കഴിയുമെന്ന് ഗതാഗത അതോറിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് എഞ്ചിനീയര്‍ ഫവാസ് അല്‍സഹ്ലി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വിപണിയിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പതിനാറായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കി. ഇതോടെയാണ് കൂടുതല്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് തൊഴില്‍ മന്ത്രാലയം ശ്രമം ആരംഭിച്ചത്.