കെ.യു ഇഖ്ബാൽ
റിയാദ്: പ്രവാസഭൂമിയിലെ പ്രിയപ്പെട്ട എഴുത്തുകാരനും, കോളമിസ്റ്റും, മാധ്യമപ്രവര്‍ത്തകനുമായ കെ യു ഇഖ്ബാലിന്റെ അകാല നിര്യാണത്തില്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഇഖ്ബാല്‍. റിയാദിലെ കലാ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയും, സാംസ്‌കാരിക സംഘടനകളുടെ വളര്‍ച്ചയില്‍ താല്പര്യമെടുക്കുകയും അതിനെല്ലാവിധ പ്രോത്സാഹനവും സഹായവും നല്‍കിയ കെ യു ഇഖ്ബാല്‍ ജിദ്ദയില്‍ വെച്ചാണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ ആദ്യ മലയാളപത്രമായ 'മലയാളം ന്യൂസിന്റെ' ആദ്യകാല ലേഖകനും ആ പത്രം സൗദിയില്‍ പ്രചരിപ്പിക്കുന്നതിന് തന്റേതായ സംഭാവന നല്‍കിയ വ്യക്തികൂടിയാണ്. ജീവകാരുണ്യ രംഗത്തുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സൗദിയിലെ പ്രവാസികളായ വീട്ടുജോലിക്കാര്‍ നേരിടുന്ന വിഷമതകള്‍ ആഴത്തില്‍ മനസ്സിലാക്കി പഠിച്ച അദ്ദേഹം 'ഗദ്ദാമ' എന്ന സിനിമയുടെ തിരക്കഥാ രചനയിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തിലും സര്‍ക്കാരിന്റെ ശ്രദ്ധയിലും എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സൗദിയിലെ പ്രവാസികള്‍ക്ക് തന്റെ എഴുത്തിലൂടെ താങ്ങും തണലുമാവാന്‍ കെ യു ഇഖ്ബാലിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ പ്രവാസ ലോകത്തോടൊപ്പം കേളിയും അനുശോചനം രേഖപ്പെടുത്തുന്നതായി കേളി സെക്രട്ടറിയറ്റ് ഇറക്കിയ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.