-
റിയാദ്: സംസ്ഥാനത്ത് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള 'വിദ്യാകിരണം' പദ്ധതിയിലേക്ക് കേളി കലാസാംസ്‌കാരിക വേദി പത്തുലക്ഷം രൂപ സംഭാവന നല്‍കി.
നിലവില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ കണക്ക് ശേഖരിച്ചതായും പ്രവാസികളുടെ അടക്കം വലിയ പിന്തുണ പുതിയ പദ്ധതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പോര്‍ട്ടല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ലോക കേരളസഭാ അംഗങ്ങളെയും പ്രവാസി സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തി രണ്ട് തവണ മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേളിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേന്ദ്ര രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും, ലോക കേരളസഭാ അംഗവുമായ കെപിഎം സാദിഖ് പത്തു ലക്ഷം രൂപ കേളി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കേളി യൂണിറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമായി തുക സമാഹരിച്ചാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
പദ്ധതിയുടെ വിജയത്തിനായി തുടര്‍ന്നും കേളിയാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകുമെന്ന് കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ അറിയിച്ചു. കേളി വിദ്യാഭ്യാസ പുരസ്‌കാരം നേടിയ ചില വിദ്യാര്‍ത്ഥികള്‍ പുരസ്‌കാര വിതരണ വേദിയില്‍ വെച്ചു തന്നെ തങ്ങള്‍ക്ക് കിട്ടിയ ക്യാഷ് അവാര്‍ഡ് തുക വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവന നല്‍കിയിരുന്നു.