-
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ മഹദൂദ് യൂണിറ്റ് അംഗം അശോകന് കേളി ചികിത്സാ സഹായം കൈമാറി. റിയാദ് ബദിയയിലെ മഹദൂദില്‍ ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്ന അശോകന്‍ കണ്ണിന് കാഴ്ച ശക്തി കുറയുന്ന രോഗത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോവുകയായിരുന്നു. അശോകന്റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി കേളി ബദിയ ഏരിയ കമ്മിറ്റിയും മഹദൂദ് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് ചികിത്സാ സഹായം സ്വരൂപിച്ചത്.
തൃശൂര്‍ സ്വദേശിയായ അശോകന്റെ വസതിയില്‍ കോവിഡ് മാനദണ്ഡ പ്രകാരം ചേര്‍ന്ന ലളിതമായ ചടങ്ങില്‍ ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പിബി അനൂപാണ് അശോകന് സഹായം കൈമാറിയത്. ചടങ്ങില്‍ കേളി ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മധു പട്ടാമ്പി, കേളി മുന്‍ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, കേളി ബത്ഹ ഏരിയ മെംബര്‍ ബിജു ഉള്ളാട്ടില്‍, കേളി മുന്‍ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ചന്ദ്രന്‍, പ്രവാസി സംഘം ഏരിയ സെക്രട്ടറി അബൂബക്കര്‍ മലയില്‍, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് മോഹന്‍ദാസ് ഏലത്തൂര്‍, ബ്രാഞ്ച് സെക്രട്ടറി സനോജ് വി എസ്, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പ മുരളി, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അരുണ സി എസ് എന്നിവര്‍ പങ്കെടുത്തു. ചികിത്സാ സഹായത്തിന് അശോകന്‍ നന്ദി പറഞ്ഞു.