-
റിയാദ്: നിരന്തര നിയമസഹായവും, സമൂഹത്തില്‍ നിന്നുള്ള സഹകരണവും, വേഗത്തില്‍ നീതി കിട്ടുമെന്ന ഉറപ്പും ഉണ്ടായാല്‍ മാത്രമേ ഭര്‍തൃ ഗൃഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ശക്തി ലഭിക്കുകയുള്ളൂ എന്ന് കായകുളം എംഎല്‍എ, യു.പ്രതിഭ പറഞ്ഞു. സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളേയും മുന്‍നിര്‍ത്തി കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് കേളിയുടെ സാംസ്‌കാരിക കമ്മിറ്റിയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച 'വിവാഹവും സാമൂഹിക നൈതികതയും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
പബ്ലിക്ക് പ്രോസിക്യൂട്ടറും കോഴിക്കോട് അഡീഷണല്‍ ഗവര്‍മെന്റ് പ്ലീഡറുമായ അഡ്വ.പി.എം.ആതിര, കേളി ആക്ടിംഗ് സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്‍, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, സജീന സജിന്‍, ഫസീല നാസര്‍, സാംസ്‌കാരിക കമ്മിറ്റി അംഗം സതീഷ് കുമാര്‍, എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
കേളി സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ സജിത് സ്വാഗതമാശംസിച്ച ചടങ്ങില്‍ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ വിനയന്‍ നന്ദി പ്രകാശിപ്പിച്ചു.