കോവിഡ് വാക്സിൻ| ഫോട്ടോ: PTI
റിയാദ്: ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് കേളി നടത്തി വന്നിരുന്ന മൂന്നാം ഘട്ടം കോവിഡ് വാക്‌സിന്‍ ചലഞ്ച് അവസാനിപ്പിക്കുന്നതായി കേളി കലാസാംസ്‌കാരിക വേദി അറിയിച്ചു. ചലഞ്ചിലൂടെ ഇതുവരെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടന്‍ കൈമാറുമെന്നും കേളി സെക്രട്ടറിയറ്റ് വ്യക്തമാക്കി.
ഒന്നാം ഘട്ടത്തില്‍ 1131 ഡോസ് വാക്‌സിനും, രണ്ടാം ഘട്ടത്തില്‍ 2101 ഡോസ് വാക്‌സിന് തത്തുല്യമായ തുകയുമാണ് കേളി കോവിഡ് വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മൂന്നാം ഘട്ടത്തില്‍ 3000 ത്തിലധികം ഡോസ് വാക്‌സിനുള്ള പണം കണ്ടെത്താനായിരുന്നു കേളി ലക്ഷ്യമിട്ടത്. കേളിയുടെ ലക്ഷ്യം കൈവരിക്കാനിരിക്കേയാണ് പ്രതിപക്ഷ കക്ഷികളുടെയും സുപ്രീം കോടതിയുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് വാക്‌സിന്‍ നയത്തില്‍ തിരുത്തല്‍ വരുത്തേണ്ടി വന്നത്.
വാക്‌സിന്‍ ചലഞ്ച് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതമായി തുടരുന്ന ലോക്ഡൗണ്‍ മൂലവും, തൊഴില്‍ നഷ്ടം മൂലവും ഉണ്ടായ സാമ്പത്തിക പരാധീനതകള്‍ മറികടക്കുന്നതിന് കേരള ജനതയോട് പ്രവാസികളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോവിഡ് പ്രതിരോധത്തിനായി കേളി തുടര്‍ന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുക എത്ര ചെറുതാണെങ്കിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ ''കേളി സിഎംഡിആര്‍എഫ് ഡൊണേഷന്‍ ചലഞ്ച്-2021'' ലൂടെ മുന്നോട്ട് വരണമെന്നും കേളിയുടെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.